ഇടവിടാതെ പ്രാർത്ഥിക്കുവിൻ

"യേശു അവിടെനിന്നു പുറപ്പെട്ട് ടയിർ, സീദോൻ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോൾ ആ പ്രദേശത്തുനിന്ന് ഒരു കാനാൻകാരി വന്നു കരഞ്ഞപേക്ഷിച്ചു: കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ! എന്റെ മകളെ പിശാചു ക്രൂരമായി ബാധിച്ചിരിക്കുന്നു. എന്നാൽ, അവൻ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്മാർ അവനോട് അഭ്യർത്ഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവൾ നമ്മുടെ പിന്നാലെവന്ന് നിലവിളിക്കുന്നല്ലോ. അവൻ മറുപടി പറഞ്ഞു: ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, അവൾ അവനെ പ്രണമിച്ച്‌ കർത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്ഷിച്ചു. അവൻ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത്‌ നായ്ക്കൾക്ക്‌ എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല. അവൾ പറഞ്ഞു: അതേ, കർത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയിൽനിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ. യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതൽ അവളുടെ പുത്രി സൌഖ്യമുള്ളവളായി." (മത്തായി 15:21-28)

വിചിന്തനം 
ഏറെനാളുകളായുള്ള തന്റെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നൽകുന്നില്ല എന്ന ആകുലത ആത്മീയജീവിതത്തിൽ അനുഭവിക്കുന്നവർക്കുള്ള ഉത്തരമാണ് ഇന്നത്തെ വചനഭാഗത്തിലെ കാനാൻകാരിയായ സ്ത്രീ. യാചനാ പ്രാർത്ഥനകളിൽ അവശ്യം ഉണ്ടാകേണ്ട എല്ലാ ഘടകങ്ങളും യേശുവുമായുള്ള ആ സ്ത്രീയുടെ കണ്ടുമുട്ടലിൽ നാം കാണുന്നുണ്ട്. തന്നെ സഹായിക്കാൻ ഈശോ കൂട്ടാക്കുന്നില്ല എന്നു തോന്നിയ അവസരങ്ങളിൽപോലും, ആ സ്ത്രീയിലെ വിശ്വാസവും എളിമയും പ്രത്യാശയും സഹനശക്തിയും, മനസ്സുമടുത്ത് യേശുവിൽനിന്നും അകന്നുപോകാതിരിക്കാൻ അവളെ സഹായിച്ചു. ആ സ്ത്രീയോടുള്ള ഈശോയുടെ സമീപനം ശിഷ്യന്മാരിൽപ്പോലും ചോദ്യങ്ങളുയർത്തുന്നതായി നമ്മൾ കാണുന്നുണ്ട്. കുറേക്കാലങ്ങൾക്ക് ശേഷം പ്രാർത്ഥനയിൽ ഭഗ്നാശരാകരുത് എന്നു പഠിപ്പിക്കുന്നതിനായി ന്യായാധിപന്റെയും വിധവയുടെയും ഉപമ (ലൂക്കാ 18:1-8) ഈശോ പറഞ്ഞവേളയിൽ അവിടുത്തെ ശിഷ്യന്മാർ കാനാൻകാരിയായ ആ സ്ത്രീയുടെ കാര്യം തീർച്ചയായും ഓർത്തിരിക്കണം, ഈശോയുടെ പെരുമാറ്റത്തിനു പിന്നിലുള്ള കാരണങ്ങൾ അവർ ഗ്രഹിച്ചിരിക്കണം.

'പ്രാർത്ഥനയിൽ യാതൊരു കാര്യവുമില്ല, നാമെന്താഗ്രഹിച്ചാലും ഒരു പ്രയോജനവുമില്ല, എന്തുതന്നെയായാലും ദൈവം ആഗ്രഹിക്കുന്നതേ നടക്കുകയുള്ളൂ', എന്ന തരത്തിലുള്ള ചിന്തകൾ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാത്ത അവസരങ്ങളിൽ നമ്മിൽ ഉയർന്നുവരാറുണ്ട്. പക്ഷേ, യാചനാപ്രാർത്ഥനയുടെ ലക്ഷ്യം ദൈവത്തിന്റെ മനസ്സുമാറ്റുക എന്ന ലക്ഷ്യത്തെക്കാളുപരിയായി, ദൈവം നമുക്കായി ഒരുക്കിവച്ചിരിക്കുന്ന നിരവധിയായ നന്മകൾ സ്വീകരിക്കുന്നതിനായി ഹൃദയത്തെ ഒരുക്കുക എന്നതാണ്. "പാപങ്ങളെ കീഴടക്കാനും, ദൈവകൃപകളാൽ സദാ നിറയുന്നതിനും, ഹൃദയത്തെ ദൈവത്തിങ്കലേക്ക് തിരിക്കുന്നതിനും, ആത്മീയവും ഭൗതീകവുമായ അനുഗ്രഹങ്ങൾ ധാരാളം സ്വീകരിക്കുന്നതിനും, പ്രാർത്ഥന നമ്മെ സഹായിക്കുന്നു", എന്നാണു പ്രാർത്ഥനയെക്കുറിച്ച് വി. ജോണ്‍ വിയാന്നി പറയുന്നത്. നമ്മുടെ ആവശ്യങ്ങൾ ഒരിക്കലും നമ്മെ ദൈവത്തിൽനിന്നും അകറ്റാൻ കാരണമാകരുത്, നമ്മെക്കുറിച്ചു നമ്മെക്കാൾ നന്നായി അറിയാവുന്ന ദൈവത്തിനു മാത്രമേ നമുക്കാവശ്യമായവ യഥാസമയം നൽകാൻ സാധിക്കുകയുള്ളൂ. 

"നിങ്ങൾക്ക് ആവശ്യമുള്ളവയെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങൾ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്കാൻ കഴിവുള്ളവനാണ്‌ ദൈവം" (2 കോറിന്തോസ് 9:8). നമുക്കോരോരുത്തർക്കും ആവശ്യമുള്ളവ എന്തൊക്കെയെന്ന് ദൈവത്തിനു നന്നായറിയാം. തന്റെ മക്കൾക്ക് ആവശ്യമുള്ളവയെല്ലാം കാലേക്കൂട്ടി സന്പാദിച്ചു വയ്ക്കുന്ന ഒരു പിതാവിനെ പോലെ ദൈവവും അവിടുത്തെ മക്കളായ നമുക്ക് ഈ ലോകത്തിൽ സന്തോഷത്തോടും സമാധാനത്തോടുംകൂടി ജീവിക്കാൻ ആവശ്യമായവയെല്ലാം സ്വരുക്കൂട്ടി വച്ചിട്ടുണ്ട്. എന്നാൽ, ദൈവം നമുക്ക് നല്കിയിരിക്കുന്ന സ്വാതന്ത്ര്യമുപയോഗിച്ച് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോഴെല്ലാം ദൈവഹിതത്തിനെതിരാകാറുണ്ട്. അങ്ങിനെയുള്ള അവസരങ്ങളിൽ, ദൈവം നമുക്കായി കരുതിവച്ചിരിക്കുന്ന ചില അനുഗ്രഹങ്ങൾ നമുക്ക് ഗുണത്തെക്കാളേറെ ദോഷമായി മാറിയെന്നുവരാം. നമ്മുടെ പ്രവൃത്തിയിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് പ്രാർത്ഥനയിലൂടെ നമ്മൾ ദൈവത്തെ സമീപിക്കുന്പോൾ മാത്രമേ ഇങ്ങനെ മാറ്റിവച്ചിരിക്കുന്ന അനുഗ്രഹങ്ങൾ ദൈവം നമ്മിലേക്ക് സന്തോഷപൂർവം ചൊരിയുകയുള്ളൂ.

നമുക്ക് വേണ്ടതെല്ലാം നല്കാൻ കഴിവുള്ളവനാണ്‌ ദൈവം എന്ന വിശ്വാസത്തോടൊപ്പം, നമുക്കാവശ്യമുള്ളവ നമ്മേക്കാൾ നന്നായി അറിയുന്നവനാണ് ദൈവം എന്ന ബോധ്യവും നമ്മുടെ ആവശ്യങ്ങളിൽ സഹായംതേടി ദൈവത്തെ സമീപിക്കുന്പോൾ നമുക്കുണ്ടാവണം. ചോദിക്കുന്നവ നാം ആഗ്രഹിക്കുന്ന സമയത്ത് നമുക്കിഷ്ടമുള്ള രീതിയിൽ ലഭിക്കാതിരിക്കുന്ന സാഹചര്യങ്ങളെ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ കൂടുതൽ ദൃഡപ്പെടുത്തുന്ന അവസരങ്ങളാക്കി മാറ്റാൻ നമ്മൾ ശ്രമിക്കണം. ഭൌതീകാവശ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നതിനോടൊപ്പം, ആ ആവശ്യങ്ങൾ നമ്മുടെ ആത്മീയ നന്മയ്ക്കു ഉപകരിക്കുന്നതിന് ആവശ്യമായ കൃപകൾക്കുവേണ്ടിയും നമ്മൾ പ്രാർത്ഥിക്കേണ്ടതുണ്ട്. പ്രാർത്ഥന കൂടാതെ ദൈവവുമായി ബന്ധപ്പെടുവാനോ, നമ്മുടെ ജീവിതത്തെ ദൈവഹിതത്തിന് അനുയോജ്യമാക്കുന്ന ദൈവാത്മാവിന്റെ പ്രചോദനങ്ങൾക്കായി ചെവികൊടുക്കാനോ നമുക്ക് സാധിക്കുകയില്ല. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ ചോദിക്കുന്നതെല്ലാം വാരിക്കോരി തരുന്നതല്ല ദൈവസ്നേഹം, അനന്തരഫലങ്ങളെക്കുറിച്ച് പൂർണ്ണബോധ്യമില്ലാത്ത മക്കളുടെ ആവശ്യങ്ങളിലെ പോരായ്മകൾ പരിഹരിച്ച് നിത്യജീവനിലേക്കു നയിക്കുന്നവ നല്കുന്നതാണ് ആ സ്നേഹം. ആ സ്നേഹത്തിൽ ശരണം വച്ചുകൊണ്ട്, നമ്മുടെ വേദനകളും നിയോഗങ്ങളും മക്കളുടെ സ്വാതന്ത്ര്യത്തോടെ ദൈവസന്നിധിയിൽ സമർപ്പിച്ച്‌ ഇടവിടാതെ നമുക്ക് പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അങ്ങെനിക്കു നല്കിയ എണ്ണമില്ലാത്ത അനുഗ്രഹങ്ങളെപ്രതി നന്ദി പറയുന്നതിനുപകരം, കിട്ടാതെപോയ ചുരുക്കംചില കാര്യങ്ങളെച്ചൊല്ലി അങ്ങയോടു പരിഭവിച്ചതോർത്തു മാപ്പപേക്ഷിക്കുന്നു. അങ്ങ് എനിക്കായി കരുതി വച്ചിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങളിൽ ഏതെങ്കിലും സ്വീകരിക്കാൻ എന്റെ ഹൃദയം സജ്ജമല്ലെങ്കിൽ, എന്റെ ആ അവസ്ഥയെ അങ്ങയുടെ വിശുദ്ധ കുരിശിന്റെ ചുവട്ടിൽ ഞാൻ സമർപ്പിക്കുന്നു. എന്റെ ഹൃദയത്തെ വിശുദ്ധീകരിച്ച്, എന്റെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും അങ്ങയുടെ ഹിതത്തിനനുയോജ്യമാക്കണമേ. എനിക്കാവശ്യമുള്ളതെല്ലാം നല്കുന്ന അങ്ങയുടെ സന്നിധിയിൽനിന്ന് വേണ്ടതെല്ലാം ലഭിക്കുന്ന അനുഗൃഹീതനായി ഞാൻ മാറട്ടെ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്