ഉപദേശങ്ങളോടുള്ള പ്രതികരണം
"ഹേറോദേസ് രാജാവും ഇക്കാര്യങ്ങൾ കേട്ടു. യേശുവിന്റെ പേരു പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ചിലർ പറഞ്ഞു: സ്നാപകയോഹന്നാൻ മരിച്ചവരിൽനിന്നു ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അത്ഭുതകരമായ ഈ ശക്തികൾ ഇവനിൽ പ്രവർത്തിക്കുന്നത്. മറ്റുചിലർ പറഞ്ഞു: ഇവൻ എലിയാ ആണ്. വേറെ ചിലർ പറഞ്ഞു: പ്രവാചകരിൽ ഒരുവനെപ്പൊലെ ഇവനും ഒരു പ്രവാചകനാണ്. എന്നാൽ, ഇതെല്ലാം കേട്ടപ്പോൾ ഹേറോദേസ് പ്രസ്താവിച്ചു: ഞാൻ ശിരച്ചേദം ചെയ്ത യോഹന്നാൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. ഹേറോദേസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കുകയും കാരാഗൃഹത്തിൽ ബന്ധിക്കുകയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവൻ ഇങ്ങനെ ചെയ്തത്. അവൻ അവളെ വിവാഹം ചെയ്തിരുന്നു. യോഹന്നാൻ ഹേറോദേസിനോട് പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നത് നിഷിദ്ധമാണ്. തന്മൂലം ഹേറോദിയായ്ക്ക് യോഹന്നാനോട് വിരോധം തോന്നി. അവനെ വധിക്കാൻ അവൾ ആഗ്രഹിച്ചു. എന്നാൽ അവൾക്കു സാധിച്ചില്ല. എന്തെന്നാൽ, യോഹന്നാൻ നീതിമാനും വിശുദ്ധനും ആണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹേറോദേസ് അവനെ ഭയപ്പെട്ടു സംരക്ഷണം നൽകിപ്പോന്നു. അവന്റെ വാക്കുകൾ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും അവൻ പറയുന്നതെല്ലാം സന്തോഷത്തോടെ കേൾക്കുമായിരുന്നു." (മർക്കോസ് 6:14-20)
വിചിന്തനം
സ്നാപകയോഹന്നാന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളാണ് ഇന്നത്തെ വചനഭാഗത്തിലൂടെ സുവിശേഷകൻ നമ്മുടെ മുന്നിൽ വിവരിക്കുന്നത്. കർത്താവിനു വഴിയൊരുക്കാൻ വന്ന യോഹന്നാൻ ഒന്നിനെയും ഭയക്കാത്തവൻ ആയിരുന്നു. സത്യവും നീതിയും നിറഞ്ഞ ഒരു ജീവിതശൈലിക്കുടമയായിരുന്ന യോഹന്നാൻ, അനീതിയായത് എവിടെ കണ്ടാലും പ്രതികരിക്കാൻ മടിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, യോഹന്നാനു ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നു. അത്തരമൊരു വിരോധത്തിന്റെ കഥയാണ് ഹേറോദേസിലൂടെയും ഹേറോദിയായിലൂടെയും ഇന്ന് നമ്മൾ കണ്ടുമുട്ടുന്നത്. വ്യക്തിപരമായ സുഖങ്ങൾ യോഹന്നാൻ മൂലം നഷ്ടപ്പെടുമോ എന്ന ഭയത്തിൽനിന്നായിരുന്നു അവർക്ക് സ്നാപകനോടുള്ള വിരോധം മുളപൊട്ടിയത്. രണ്ടുപേരുടെയും വിരോധത്തിന്റെ കാരണം ഒന്നായിരുന്നുവെങ്കിലും അവർ രണ്ടുപേരും അതു പ്രകടിപ്പിച്ചത് രണ്ടു തരത്തിൽ ആയിരുന്നുതാനും.
ഇന്ന് നമ്മുടെ പ്രവൃത്തികളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു തരുന്നവരോട് ഈ രണ്ടുവിധത്തിലും നമ്മൾ പ്രതികരിക്കാറുണ്ട്. വളരെ കൌശലക്കാരനായ ഒരു വ്യക്തിയായിരുന്നു ഹേറോദേസ്. സ്വാർത്ഥതാല്പര്യങ്ങൾക്കായി അധികാരം ദുർവിനിയോഗം ചെയ്യുന്നതിന് അയാൾക്ക് യാതൊരു മടിയുമില്ലായിരുന്നു. എന്നാൽ, തന്റെ പ്രജകൾ അതറിയരുത് എന്നയാൾ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ, താൻ നിഷിദ്ധമായത് ചെയ്തു എന്ന് വിളിച്ചുപറഞ്ഞ യോഹന്നാന്റെ വായടയ്ക്കുന്നതിനായി അവനെ കാരാഗൃഹത്തിൽ അടയ്ക്കാൻ ഹേറോദേസ് അമാന്തിച്ചില്ല. അതിലും വിചിത്രമായ വസ്തുത, "അവന്റെ (യോഹന്നാന്റെ) വാക്കുകൾ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും അവൻ പറയുന്നതെല്ലാം സന്തോഷത്തോടെ കേൾക്കുമായിരുന്നു", എന്നതാണ്. തന്നെക്കുറിച്ചു പറഞ്ഞത് ഇഷ്ടപ്പെടാത്തതിനാൽ താൻ തന്നെ കാരാഗൃഹത്തിൽ അടച്ച വ്യക്തിയുടെ സംഭാഷണം ശ്രവിക്കാൻ ഹേറോദേസ് സമയം കണ്ടെത്തിയിരുന്നു. വിചിത്രമെന്നു തോന്നുമെങ്കിലും ഹേറോദേസിന്റെ ഈ സ്വഭാവം പലപ്പോഴും നാമും അനുകരിക്കാറുണ്ട്. നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാട്ടി നമ്മെ നേർവഴിക്കു നയിക്കാൻ ശ്രമിക്കുന്നവരെ പ്രീണിപ്പിച്ചു നമ്മുടെ കൂടെ നിർത്താൻ പല വഴികളിലൂടെ നമ്മൾ ശ്രമിക്കാറുണ്ട്. അവരുടെ വാക്കുകൾകേട്ട് അവരുടെ വഴിയിലേക്ക് തിരിയുന്നതിനു പകരം, അവരെ നമ്മുടെ തെറ്റായ വഴിയിലേക്ക് കൊണ്ടുവരാൻ പദ്ധതി തയ്യാറാക്കുന്പോൾ അവരെ നമ്മുടെ കാരാഗൃഹത്തിൽ അടച്ച് വായടപ്പിയ്ക്കാനാണ് നമ്മൾ പരിശ്രമിക്കുന്നത്. അവർ പറയുന്നതെല്ലാം നമുക്ക് സ്വീകാര്യമാണെന്ന ഭാവേ, ഉള്ളിൽ അസ്വസ്ഥതയോടും പുറമേ സന്തോഷം നടിച്ചും, കേട്ടതിനുശേഷം പുറത്തിറങ്ങിയാൽ ഉടൻ അവർ പറയുന്നത് തിരസ്കരിക്കുന്ന സ്വഭാവവും നമ്മിലുണ്ട്.
ഹേറോദേസിന്റെ കൌശലംനിറഞ്ഞ വഴിയിലൂടെ അല്ലായിരുന്നു ഹേറോദിയായുടെ യാത്ര. തനിക്കിഷ്ടമില്ലാത്തതു പറഞ്ഞ യോഹന്നാന്റെ വായടപ്പിക്കുന്നതുകൊണ്ടുമാത്രം അവൾ തൃപ്തയായിരുന്നില്ല. തന്റെ കുത്തഴിഞ്ഞ ജീവിതത്തെ ചൂണ്ടിക്കാട്ടി നന്മയിലേക്ക് നയിക്കാൻ ശ്രമിച്ച യോഹന്നാനെ ഇല്ലാതാക്കാനാണ് അവൾ ശ്രമിച്ചത്. ഈ ഹേറോദിയായും ഇന്നത്തെ ലോകത്തിനു അപരിചിതയല്ല. ദൈവകല്പനകളുടെയും ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെയും വെളിച്ചത്തിൽ നമ്മുടെ പ്രവൃത്തിയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു നമ്മെ തിരുത്താൻ ശ്രമിക്കുന്നവരെ പകയോടെ എതിരിടുന്നവർ ധാരാളമുണ്ട് നമ്മുടെ ഇടയിലും. അവർ പറയുന്നത് ശരിയായ കാര്യങ്ങളാണെന്ന് ബോധ്യമുണ്ടെങ്കിൽകൂടിയും, തെറ്റായ പ്രവൃത്തികളിലൂടെ നാമനുഭവിക്കുന്ന സുഖങ്ങൾ ത്യജിക്കാനുള്ള മടിമൂലം, നമ്മെ തിരുത്താൻ ശ്രമിക്കുന്നവരുടെ വിശ്വാസ്യത നശിപ്പിക്കാനും അവരുടെ സൽപ്പേര് കളയാനുമുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുന്പോൾ നാമും പിന്തുടരുന്നത് ഹേറോദിയായുടെ മാതൃകയാണ്.
ഉപദേശങ്ങളോടുള്ള പ്രതികരണം നമ്മുടെ ആത്മീയ വളർച്ചയിൽ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. "ഉപദേശം കേൾക്കുകയും പ്രബോധനം അംഗീകരിക്കുകയും ചെയ്യുക, നീ ജ്ഞാനിയാകും" (സുഭാഷിതങ്ങൾ 19:20). എല്ലാ ഉപദേശങ്ങളും നല്ലതാവണം എന്നില്ല; ദൌർഭാഗ്യവശാൽ, ദുരുദ്ദേശത്തോടെ ഉപദേശങ്ങൾ നല്കുന്ന ചില ആളുകൾ നമ്മുടെ ഇടയിലുണ്ട്. എല്ലാ ഉപദേശങ്ങളും, അവ എത്ര നല്ലതായാലും, നമ്മുടെ ജീവിതവുമായി പൊരുത്തപ്പെടണം എന്നും നിർബന്ധമില്ല. എങ്കിലും, എല്ലാ ഉപദേശങ്ങളുടെയും ഉദ്ദേശശുദ്ധിയും പ്രാവർത്തികതയും സമയമെടുത്ത് പ്രാർത്ഥനാപൂർവം അവലോകനം ചെയ്യേണ്ട ബാധ്യത നമുക്കുണ്ട്. ഉത്തമമായത് ഹൃദയപൂർവം സ്വീകരിക്കാനും, അല്ലാത്തവ ആദരവോടെ നിരസിക്കാനും നമ്മിൽ വസിക്കുന്ന ദൈവാത്മാവിന്റെ സഹായം നമ്മൾ തേടണം. "ഭോഷന്റെ ദൃഷ്ടിയിൽ തന്റെ പ്രവൃത്തി ഉത്തമമാണ്; വിവേകി ഉപദേശം തേടുന്നു" (സുഭാഷിതങ്ങൾ 12:15). കേൾക്കുന്ന മാത്രയിൽത്തന്നെ നമ്മിൽ വെറുപ്പും ക്രോധവും ജനിപ്പിക്കുന്ന ഉപദേശങ്ങളായിരിക്കും പല അവസരങ്ങളിലും നമ്മെ സംബന്ധിച്ചുള്ള ദൈവഹിത പ്രകാരം നൽകപ്പെടുന്ന വസ്തുനിഷ്ടമായ ഉപദേശങ്ങൾ എന്നതും നമ്മൾ ഓർമ്മിക്കേണ്ട ഒരു യാഥാർത്ഥ്യം തന്നെയാണ്. സ്വന്തം ബുദ്ധിയെ ആശ്രയിക്കാതെ, ദൈവസഹായത്തോടെ ഉപദേശങ്ങളെ വിവേചിച്ചറിഞ്ഞ് ഉചിതമായവയെ സ്വീകരിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
പ്രബോധനങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും അനുതാപത്തിന്റെയും സ്നേഹത്തിന്റെയും സുവിശേഷം ഞങ്ങൾക്കു നൽകിയ വചനമായ ദൈവമേ, അങ്ങയുടെ കല്പനകളും അങ്ങ് സ്ഥാപിച്ച സഭയുടെ നിയമങ്ങളും അങ്ങ് ബഹുമാനിക്കുന്നവരിലൂടെ എനിക്ക് ലഭിക്കുന്പോൾ, അവ സ്വീകരിക്കാനും അതനുസരിച്ചു ജീവിക്കാനും എന്നെ സഹായിക്കണമേ. ജീവദായകമായ അങ്ങയുടെ വചനങ്ങൾ എന്നിൽ നിലനിൽക്കുന്നതിനും, അതുവഴി ഞാൻ അങ്ങയിൽ വസിക്കുന്നതിനും എന്റെ ഹൃദയത്തെ തുറക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ