ലോകത്തെ പ്രകാശിപ്പിക്കുന്ന ക്രിസ്തീയ വെളിച്ചം

"നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കുകൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിന്മേലാണ് വയ്ക്കുക. അപ്പോൾ അത് ഭവനത്തിലുള്ള എല്ലാവർക്കും പ്രകാശം നൽകുന്നു. അപ്രകാരം, മനുഷ്യർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ." (മത്തായി 5:14-16)

വിചിന്തനം
ഇരുളിൽനിന്ന് പ്രകാശത്തെ വേർതിരിക്കുന്നത് വെളിച്ചത്തിന്റെ സാന്നിധ്യമാണ്. ഇതുപോലെത്തന്നെ, നന്മയെ തിന്മയിൽനിന്നും വേർതിരിക്കുന്നതിനാണ് പ്രകാശമായ ദൈവം ഭൂമിയിലേക്ക് വന്നത്. മനുഷ്യരെല്ലാവരും ദൈവാത്മാവിനാൽ നിറയുന്നതിനും, ദൈവകൃപകളുടെ സഹായത്തോടെ, കൽപലകളിൽ നല്കപ്പെട്ട ദൈവകൽപനകൾ മനുഷ്യഹൃദയങ്ങളിൽ ആലേഖനം ചെയ്യുന്നതിനുമായി, ഇരുളിൽനിന്നും പ്രകാശത്തെ വേർതിരിച്ചവൻ ഒരു ബലിവസ്തുവായി മാറി. സ്വന്തം ജീവിതത്തിലൂടെസ്നേഹമെന്തെന്നു നമ്മെ പഠിപ്പിച്ച ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവരെല്ലാം ദൈവീകമൂല്യങ്ങളുടെ ജീവിക്കുന്ന സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ്. പാപത്തിന്റെ അന്ധകാരംപേറി തപ്പിത്തടയുന്ന ലോകത്തെ സദാ പ്രകാശിപ്പിക്കുന്ന വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. ആ വിളക്കുകളിൽനിന്നും പുറപ്പെടുന്ന പ്രകാശം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം വെളിപ്പെടുത്തുന്നതും, സത്യത്തെയും നീതിയേയും എടുത്തുകാട്ടുന്നതും, ചുറ്റുമുള്ളവരിൽ ദൈവത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്നതുമായിരിക്കണം. അത്യാർത്തിയും ഭോഗേച്ഛയും അസൂയയും നിറഞ്ഞ ലോകത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ സ്നേഹവും വിശുദ്ധിയും കരുണയും പരത്തുന്ന പരിമളമായിരിക്കണം ക്രിസ്തുവിനെ അനുഗമിക്കുന്നവരെന്നു അവകാശപ്പെടുന്ന നമ്മിലെ പ്രകാശം.

മതേതരത്വം ഇഷ്ടപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. ക്രിസ്തുവാണ്‌ യഥാർത്ഥദൈവമെന്നും ക്രിസ്തുമതത്തിലാണ് പരമമായ സത്യം കുടികൊള്ളുന്നതെന്നും പറയുന്നതും പഠിപ്പിക്കുന്നതും അസഹിഷ്ണുതയായും അന്യമത നിന്ദയായും കണക്കാക്കുന്ന സമൂഹങ്ങളാണ് നമ്മുടേത്‌. ഏതു മതത്തിൽ വിശ്വസിച്ചാലും, ഏതു ദൈവത്തെ ആരാധിച്ചാലും കുഴപ്പമില്ല, മര്യാദയ്ക്ക് ജീവിക്കുന്നതിലാണ് കാര്യമിരിക്കുന്നത് എന്ന വാദഗതി പലപ്പോഴും ഉയരുന്നത് ക്രിസ്തീയ വിശ്വാസികളിൽ നിന്നു തന്നെയാണ്. എന്നാൽ, ലോകത്തിന്റെ സാമാന്യ രീതികളും നിയമങ്ങളുമായി പൊരുതപ്പെട്ട് എല്ലാവരെയുംപോലെ മര്യാദക്കാരനായി ജീവിക്കാൻ ശ്രമിക്കുന്ന ക്രിസ്തുശിഷ്യൻ മറക്കുന്ന ഒന്നുണ്ട്: നല്ലവനായി ജീവിക്കാനുള്ള ഒരു വിളിയല്ല ഒരു ക്രൈസ്തവന്റേത്, വിശുദ്ധിയിലേക്കുള്ള വിളിയാണത് - ലോകത്തിന്റെ പ്രകാശമാകാനുള്ള വിളി. വെളിച്ചത്തിന്റെ അഭാവത്തിൽ ഇരുളും പ്രകാശവും തമ്മിൽ യാതൊരു വേർതിരിവുകളും ഇല്ലാത്തതുപോലെതന്നെ വിശുദ്ധരായി ജീവിക്കാൻ പരിശ്രമിക്കുകവഴി ലോകത്തിൽ വെളിച്ചം പരത്താൻ ഉദ്യമിക്കുന്ന മനുഷ്യരുടെ അഭാവത്തിൽ, നന്മതിന്മകൾ തമ്മിലുള്ള അതിർവരന്പുകൾ ലോകത്തിനു നഷ്ടപ്പെടും. ആ അവസ്ഥയിൽ, ലോകം നല്ലതെന്നു വിധിയെഴുതുന്ന എല്ലാം നന്മയാകണം എന്നു നിർബന്ധമില്ല.  ദൈവത്തിന്റെ സഹായമില്ലാതെതന്നെ നല്ലത് ചെയ്യാൻ കഴിയുമെന്നു വിശ്വസിക്കുന്ന ലോകത്തിൽ ദൈവത്തിന്റെ വെളിച്ചം കടന്നുചെല്ലണമെങ്കിൽ, നമ്മുടെ പ്രവർത്തികളിൽ എന്തെങ്കിലുമൊക്കെ വ്യത്യാസം അനുഭവിക്കാൻ ലോകത്തിനാകണം. ലോകത്തിന്റെ ദൈനംദിന പ്രവർത്തികളിൽ കാണപ്പെടുന്ന നിസ്സംഗതയ്ക്കും വിരസതയ്ക്കും പകരം സ്നേഹിക്കാനും സേവനംചെയ്യാനുമുള്ള തീഷ്ണമായ അഭിനിവേശം നമ്മുടെ പ്രവൃത്തികളുടെ മുഖമുദ്രയാക്കാൻ നമുക്കാവണം.

"ദിവസം മുഴുവൻ നിങ്ങൾ സുവിശേഷം പ്രസംഗിക്കണം; എന്നാൽ, അത്യാവശ്യം അവസരങ്ങളിൽ മാത്രമേ അതിനായി വാക്കുകൾ ഉപയോഗിക്കാവൂ" എന്ന വി. ഫ്രാൻസിസ് അസ്സീസ്സിയുടെ വാക്കുകൾ, ഇന്നത്തെ വചനഭാഗത്തിന്റെ വെളിച്ചത്തിൽ, ഓരോ ക്രൈസ്തവന്റെയും അനുദിനജീവിതം എപ്രകാരം ആയിരിക്കണമെന്നതിനു വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുന്നുണ്ട്. പ്രവൃത്തികൾകൊണ്ട് നമ്മൾ യേശുവിനെ അനുകരിക്കുന്നവർ ആകുന്പോഴാണ് ലോകം അതിന്റെ പ്രവൃത്തികളിലെ നിരർത്ഥകത തിരിച്ചറിയുന്നത്‌. കണ്ണഞ്ചിപ്പിക്കുന്നതും എടുത്തുപറയത്തക്കതുമായ യാതൊന്നും ചെയ്യാതെതന്നെ, നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ദൌത്യങ്ങൾ വിശ്വസ്തയോടെയും സത്യസന്ധമായും സന്തോഷപൂർവം ശുഭപ്രതീക്ഷകളോടെ ചെയ്യുന്നതുവഴി നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താനാകും - മറ്റുള്ളവർക്കുമുന്പിൽ ദൈവമഹത്വത്തിനു സാക്ഷികളാകാൻ കഴിയും. നമ്മുടെ കുടുംബജീവിതത്തിലും ജോലിയിലും, വിജയങ്ങളിലും തകർച്ചകളിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സന്തോഷങ്ങളിലും സന്താപങ്ങളിലും, വാക്കുകളിലും മൌനങ്ങളിലും നമ്മുടെ ചുറ്റുമുള്ളവർക്ക് നമ്മിൽ കത്തിജ്വലിക്കുന്ന ദൈവത്തിന്റെ പ്രകാശം ദർശിക്കാൻ സാധിക്കണം. അങ്ങിനെ നമ്മുടെ പ്രവൃത്തികളുടെ വെളിച്ചം നമുക്ക് ചുറ്റുമുള്ളവരിൽ പ്രതിഫലിക്കുന്നതുവഴി അവരും പ്രകാശത്താൽ നിറയുന്നവരാകുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

സ്നേഹപിതാവേ, അങ്ങയെ കണ്ടെത്താനാവാതെ എനിക്ക് ചുറ്റുമുള്ളവർ അന്ധകാരത്തിൽ ഇടറിവീഴുന്പോൾ, അങ്ങെന്നിൽ നിക്ഷേപിച്ച പ്രകാശത്തെ മറച്ചുവച്ചതോർത്ത് ഞാൻ അങ്ങയോട് മാപ്പപേക്ഷിക്കുന്നു. ചാരം മൂടിയ എന്റെ ആത്മാവിലെ കനലുകളെ അവിടുത്തെ ആത്മാവിനെ അയച്ച് ഒരിക്കൽക്കൂടി ജ്വലിപ്പിക്കണമേ. അതുവഴി ഞാനും ഈ ലോകത്തിൽ  അങ്ങയുടെ പ്രകാശം പരത്തുന്ന വിളക്കായി മാറട്ടെ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്