ധനവാനായ ലാസർ - രണ്ടാം ഭാഗം

"അവൻ വിളിച്ചുപറഞ്ഞു: പിതാവായ അബ്രാഹമേ, എന്നിൽ കനിയണമേ! തന്റെ വിരൽതുന്പ് വെള്ളത്തിൽ മുക്കി എന്റെ നാവ് തണുപ്പിക്കാനായി ലാസറിനെ അയയ്ക്കേണമേ ! ഞാൻ ഈ അഗ്നിജ്വാലയിൽ കിടന്നു യാതനയനുഭവിക്കുന്നു. അബ്രാഹം പറഞ്ഞു മകനേ, നീ ഓർമ്മിക്കുക: നിനക്ക് ജീവിതകാലത്ത് എല്ലാ സുഖസൌകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോൾ അവൻ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. കൂടാതെ, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു വലിയ ഗർത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെനിന്നു ഞങ്ങളുടെ അടുത്തേക്കോ വരാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കുകയില്ല." (ലൂക്കാ 16:24-27)

വിചിന്തനം 
ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെ നമ്മുടെ കാഴ്ച്ചപ്പാടുകൾക്ക് ദൈവത്തിന്റെ കാഴ്ച്ചപ്പാടുകളുമായുള്ള അന്തരങ്ങളാണ് ഈശോ ചൂണ്ടിക്കാട്ടുന്നത്. ഒട്ടേറെ വൈപരീത്യങ്ങളിലൂടെയാണ് ഈശോ ഈ ഉപമ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്‌. ധനവാനായ ഒരു വ്യക്തിയിലൂടെയും അതീവ ദരിദ്രനും രോഗിയും ആർക്കും വേണ്ടാത്തവനുമായ ലാസറിലൂടെയും ആദ്യം ഈശോ നമ്മെ പഠിപ്പിച്ചത് ജീവിതത്തിലെ സുഖദുഃഖങ്ങൾ  തമ്മിലുള്ള വൈപരീത്യങ്ങളാണ് (ഒന്നാം ഭാഗം വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക). ഇന്നത്തെ വചനഭാഗത്തിലെ വൈപരീത്യം, കീഴ്‌മേൽമറിയുന്ന സൌഭാഗ്യങ്ങളാണ്. മരണംവരെ എല്ലാ ആഡംബരങ്ങളിലും മുഴുകി ഇഷ്ടമുള്ളതെല്ലാം കഴിച്ചും കുടിച്ചും ജീവിച്ച ധനവാൻ മരണശേഷം നരകത്തിലാണ് എത്തിയത്. എന്നാൽ ഭൂമിയിൽ ഒട്ടേറെ സഹനങ്ങളിലൂടെ കടന്നുപോയ ലാസറാകട്ടെ ദൈവസന്നിധിയിൽ ആണ് എത്തപ്പെട്ടത്. മരണശേഷവും നമ്മുടെ ജീവിതം തുടരുമെന്ന സത്യം അംഗീകരിക്കാൻ വിസമ്മതിക്കുന്ന ഒരു കാലട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്ന തെറ്റായ വിശ്വാസംമൂലം, ജീവിച്ചിരിക്കുന്പോൾ ഏതുവിധേനയും എല്ലാ സുഖങ്ങളും അനുഭവിക്കണം എന്നതാണു ഇന്ന് മിക്കവരുടെയും ജീവിതലക്ഷ്യം. അയതിനാൽ മരണശേഷം നമുക്കെന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു അവബോധം നമുക്കെല്ലാവർക്കും അവശ്യമായും ഉണ്ടായിരിക്കണം.

"ഓരോ മനുഷ്യനും തന്റെ മരണത്തിന്റെ നിമിഷത്തിൽ തന്നെ സ്വജീവിതത്തെ ക്രിസ്തുവിനോട് ബന്ധപ്പെടുത്തി തന്റെ അമർത്യമായ ആത്മാവിൽ തന്റെ ശാശ്വത പ്രതിഫലം സ്വീകരിക്കുന്നു. ഒരു ശുദ്ധീകരണപ്രക്രിയയിലൂടെയോ നേരിട്ടോ സൌഭാഗ്യത്തിലേക്കുള്ള പ്രവേശനം, അല്ലെങ്കിൽ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം" (CCC 1022) എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. കർത്താവായ യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തതുമുതൽ ആദിപാപത്തിലൂടെ മനുഷ്യരുടെ മുൻപിൽ കൊട്ടിയടയ്ക്കപ്പെട്ട സ്വർഗ്ഗവാതിൽ പിതാവായ ദൈവം പിന്നെയും തുറന്നു. സ്വർഗ്ഗത്തിൽ ആയിരിക്കുക എന്നാൽ ക്രിസ്തുവിനോടുകൂടെ ആയിരിക്കുക എന്നതാണ്; ദൈവത്തിന്റെ കൃപാവരത്തിലും സൌഹൃദത്തിലും മരിക്കുകയും പൂർണ്ണമായി വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നവർ ക്രിസ്തുവിനോടുകൂടെ എന്നേക്കും ജീവിക്കുന്നു. 

"സ്നേഹിക്കാത്തവൻ മരണത്തിൽ നിലനിൽക്കുന്നു. സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്‌. ഒരു കൊലപാതകിയിലും നിത്യജീവൻ നിലനിൽക്കുന്നില്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ?" (1 യോഹന്നാൻ 3:14-15). ദൈവത്തിനെതിരായോ അയൽക്കാരനെതിരായോ നമുക്കുതന്നെ എതിരായോ പാപം ചെയ്യുന്പോൾ നമ്മൾ സ്നേഹിക്കുന്നതിൽ വീഴ്ച വരുത്തുന്നു. സ്വതന്ത്ര മനസ്സോടെ ദൈവത്തെ സ്നേഹിക്കുവാനുള്ള നിശ്ചയം എടുക്കാൻ നമുക്കാവുന്നില്ലെങ്കിൽ നമുക്ക് അവിടുത്തോട്‌ ഐക്യപ്പെട്ടിരിക്കാൻ കഴിയുകയില്ല. ദൈവത്തിൽ വിശ്വസിച്ച്, മാനസാന്തരപ്പെടാൻ ജീവിതാവസാനംവരെ വിസമ്മതിക്കുന്നവർ എന്നേക്കുമായി ദൈവത്തിൽനിന്നും വേർപെട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. ഈ അവസ്ഥയിൽ മരിക്കുന്നവർ നരകത്തിൽ എത്തപ്പെടുന്നു; നരകത്തിലെ പ്രധാന ശിക്ഷ ദൈവത്തിൽനിന്നുള്ള എന്നേക്കുമായ വേർപാടാണ്, കാരണം ദൈവത്തിലൂടെ മാത്രമാണ് മനുഷ്യന് തൃപ്തിപ്പെടുത്തുന്ന സന്തോഷവും ജീവനും ലഭിക്കുന്നത്. ഒരിക്കൽ നരകത്തിൽ ചെന്നെത്തിയാൽ പിന്നീടൊരിക്കലും അവിടെനിന്നു മോചനമില്ല. 

ധനവാന്റെയും ലാസറിന്റെയും ഉപമയെപ്പറ്റി ധ്യാനിക്കുന്ന എല്ലാവരെയും എളുപ്പത്തിൽ കുഴയ്ക്കുന്ന ഒരു ചോദ്യമാണ്, നമുക്ക് ലാസറാകണോ അതോ ധനവാനാകണോ എന്നത്. കാരണം, നമുക്കെല്ലാവർക്കും ഈ ലോകത്തിൽ ധനവാനും മരണശേഷം ലാസറുമാണ് ആകേണ്ടത്. ഈ ലോകത്തിന്റെ സുഖങ്ങളെല്ലാം ആസ്വദിച്ച് മരണശേഷം സ്വർഗ്ഗീയ സൌഭാഗ്യങ്ങൾ അനുഭവിക്കണം എന്നാർക്കാണ് ആഗ്രഹമില്ലാത്തത്. എന്നാൽ, നാം കാണുന്നത് മാത്രമല്ല ജീവിതമെന്നും, ഇഹലോകജീവിതം നിത്യജീവനിലേക്കുള്ള യാത്രയിലെ ഒരു ഇടത്താവളം മാത്രമാണെന്നും നാമോരോരുത്തരും തിരിച്ചറിയണം. ആയതിനാൽ, "നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിൻ" (യോഹന്നാൻ 6:27). 

കർത്താവായ യേശുവേ, അങ്ങയുടെ മരത്തിലൂടെയും ഉത്ഥാനത്തിലൂടെയും അങ്ങ് ഞങ്ങളെ പിതാവായ ദൈവവുമായി രമ്യതപ്പെടുത്തി; സ്വർഗ്ഗാരോഹണത്തിലൂടെ അയോഗ്യരായ ഞങ്ങൾക്ക് അങ്ങ് സ്വർഗ്ഗകവാടം തുറന്നുതന്നു. അങ്ങയെ രക്ഷകനും കർത്താവുമായി ഏറ്റുപറഞ്ഞ് പാപങ്ങളിൽനിന്നും മോചനം നേടുവാനും, അങ്ങ് ഞങ്ങൾക്കായി നേടിത്തന്ന സ്വർഗ്ഗീയ സൌഭാഗ്യങ്ങൾ അനുഭവിക്കുവാനുമായി അവിടുത്തെ പരിശുദ്ധാത്മാവിനെ അയച്ച് ഞങ്ങളുടെ ഹൃദയങ്ങളെ തുറക്കണമേ. ആമേൻ. 

(Reference: കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!