പ്രാർത്ഥിക്കുന്പോൾ കപടനാട്യക്കാരെപ്പോലെ ആകരുത്

"നിങ്ങൾ പ്രാർത്ഥിക്കുന്പോൾ കപടനാട്യക്കാരെപ്പോലെ ആകരുത്. അവർ മറ്റുള്ളവരെ കാണിക്കാൻവേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാർത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാൽ, നീ പ്രാർത്ഥിക്കുന്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക; രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും. പ്രാർത്ഥിക്കുന്പോൾ വിജാതീയരെപ്പോലെ നിങ്ങൾ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാർത്ഥന കേൾക്കുമെന്ന് അവർ കരുതുന്നു. നിങ്ങൾ അവരെപ്പോലെ ആകരുത്. നിങ്ങൾ ചോദികുന്നതിനുമുന്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു." (മത്തായി 6:5-8)

വിചിന്തനം 
ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ ഒരിക്കൽകൂടി മതാനുഷ്ടാനങ്ങളുടെ ശരിയായ ഉദ്ദേശത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുവാൻ തന്റെ ശിഷ്യരെ പ്രേരിപ്പിക്കുകയാണ്. യഹൂദ ജീവിതത്തിൽ ഒഴിച്ചുകൂട്ടാൻ ആകാത്ത ആചാരങ്ങളിൽ ഒന്നായിരുന്നു ദിവസേന മൂന്നുനേരം പ്രാർത്ഥിക്കുന്നത്. പ്രാർത്ഥിക്കുന്ന വേളകളിൽ തങ്ങൾ ദൈവത്തിനു പ്രീതികരമായ ഒരു കാര്യമാണ് ചെയ്യുന്നത് എന്നവർ കരുതിയിരുന്നു. ആ ചിന്താഗതി ക്രമേണ വളർന്നുവന്ന്, പ്രാർത്ഥന അവരുടെ ഒരാവശ്യത്തെക്കാളുപരി ദൈവത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു മാർഗ്ഗമായി പ്രാർത്ഥന മാറി. ഹൃദയത്തെ അകറ്റിനിർത്തി കേവലം ബാഹ്യമായ ഒരു അനുഷ്ടാനമായി പ്രാർത്ഥന മാറിയപ്പോൾ അത് യാന്ത്രികമായ ഒന്നായിത്തീർന്നു. ഈ യാന്ത്രികപ്രവൃത്തിയിൽ അവർക്ക് അല്പമെങ്കിലും സന്തോഷം ലഭിച്ചിരുന്നത് മറ്റുള്ളവർ അവരുടെ പ്രാർത്ഥനയുടെ തീവ്രതയെപ്പറ്റി പുകഴ്ത്തി സംസാരിക്കുന്പോഴായിരുന്നു. മറ്റുള്ളവരുടെ പ്രീതി കരസ്ഥമാക്കാനും, തന്റെ പ്രവൃത്തികൾ ദൈവസന്നിധിയിൽ നിരത്തിപ്പറഞ്ഞു ദൈവത്തെ സംപ്രീതി കൂടുതൽ സന്പാദിക്കുവാനുമുള്ള അവസരങ്ങളായിരുന്നു യഹൂദർക്ക് പ്രാർത്ഥനാവേളകൾ. ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയിലൂടെ (ലൂക്കാ 18:9-14) ഈശോ യഹൂദരുടെ ഇടയിൽ നിലനിന്നിരുന്ന പ്രാർത്ഥനാരീതിയെക്കുറിച്ച് നമുക്ക് കൂടുതൽ വ്യക്തത നൽകുന്നുണ്ട്. ദൈവത്തോട് പ്രാർത്ഥിക്കുന്പോൾ, ദൈവത്തെക്കാളുപരിയായി മനുഷ്യരുടെ പ്രീതി അന്വേഷിക്കുന്നതിനെക്കുറിച്ചുള്ള യേശുവിന്റെ ഈ പ്രബോധനം നമ്മുടെ ആത്മീയജീവിതത്തെ ഒരു പുനപരിശോധനയ്ക്ക് വിധേയമാക്കാൻ നിർബന്ധിക്കുന്ന ഒന്നാണ്. പ്രാർത്ഥിക്കുവാനും മറ്റ് ആചാരാനുഷ്ടാനങ്ങൾ പാലിക്കുവാനും നമ്മെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ് - നമ്മെ സ്നേഹിക്കുന്ന ദൈവമോ; അതോ, നമ്മൾ സ്നേഹിക്കുന്ന മറ്റെന്തെങ്കിലുമോ?

പലപ്പോഴും ആത്മീയജീവിതത്തിൽ നമുക്ക് തെറ്റുപറ്റുന്നത് ഒരേസമയം ദൈവത്തെയും മനുഷ്യനെയും പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെയാണ്. പ്രാർത്ഥനയും മറ്റു സൽപ്രവൃത്തികളും ദൈവത്തിനു പ്രീതികരമായവ ആയതിനാൽ നമ്മുടെ ജീവിതത്തിലെ കുറേസമയം അതിനുവേണ്ടി മാറ്റിവയ്ക്കുകയും, പിന്നീടുള്ള സമയം നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കുംവേണ്ടി മാറ്റിവയ്ക്കുകയും ചെയ്യുന്നവരാണ് നമ്മൾ. അഥവാ, മനുഷ്യരോടുള്ള സ്നേഹത്തിൽ നമ്മൾ കാണിക്കുന്നതുപോലെതന്നെ, ദൈവത്തോടുള്ള സ്നേഹത്തിനും നമ്മൾ അതിരുകൾ നിശ്ചയിക്കുന്നു. എന്നാൽ, ദൈവസ്നേഹത്തിനു അതിരുകളില്ല; നമ്മുടെ എല്ലാക്കാര്യങ്ങളിലും ഭാഗഭാക്കാകാൻ ആഗ്രഹിക്കുന്ന ദൈവമാണ് നമ്മുടേത്‌. അതിനർത്ഥം നമ്മുടെ കുടുംബത്തോടും ലോകത്തോടുമുള്ള കടമകളും കടപ്പാടുകളും ഉപേക്ഷിച്ച് സദാസമയവും ദൈവീകകാര്യങ്ങളിൽ വ്യാപരിക്കുക എന്നതല്ല. അങ്ങിനെ ചെയ്യുന്പോൾ, നമ്മുടെ സമയവും സൌകര്യവും സന്തോഷവും മാറ്റിവച്ച് ദൈവത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു എന്നൊരു ധാരണ നാമറിയാതെ തന്നെ നമ്മിൽ ഉടലെടുക്കും. അതുമൂലം, നമ്മൾ ചെയ്യുന്നതെല്ലാം യാന്ത്രികമായി മാറുകയും ചെയ്യും. എന്നാൽ, നമ്മുടെ കഴിവുകൾ ഉപയോഗിച്ച് ദൈവത്തിനു പ്രീതികരമായവ ചെയ്യാനല്ല നമ്മൾ ശ്രമിക്കേണ്ടത്; ദൈവത്തിന്റെ കൃപയിൽ ആശ്രയിച്ചുകൊണ്ട് നമ്മുടെ എല്ലാ പ്രവൃത്തികളും ദൈവത്തിനു പ്രീതികരമായി ചെയ്യുവാനാണ്. 

പ്രാർത്ഥനയ്ക്കുവേണ്ടി ജീവിതത്തിൽ അല്പം സമയം കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം, ദൈവം നമ്മിലേക്ക്‌ ചൊരിയുന്ന കൃപകൾ ഉപയോഗിച്ച് ജീവിതം മുഴുവൻ ഒരു പ്രാർത്ഥനയാക്കി മാറ്റാൻ നമുക്കാവണം. "നിങ്ങളുടെ ജോലി എന്തുതന്നെ ആയിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാർത്ഥതയോടെ ചെയ്യുവിൻ. നിങ്ങൾക്കു പ്രതിഫലമായി കർത്താവിൽനിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിൻ" (കൊളോസോസ് 3:23,24a). നമ്മുടെ ബലഹീനതകളിൽ നമ്മെ സഹായിച്ച്, നമ്മുടെ പ്രവൃത്തികളെ പ്രാർത്ഥനയാക്കിമാറ്റി, നമുക്കായി മാധ്യസ്ഥം വഹിക്കുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി ദാഹിച്ചു പ്രാർത്ഥിക്കാം.

പരിശുദ്ധാത്മാവേ, എന്നിൽ വന്നു നിറഞ്ഞ്, ദൈവസ്നേഹത്താൽ എന്നെ ജ്വലിപ്പിക്കണമേ, മനസ്സിന്റെ അന്ധകാരം അകറ്റി ക്രിസ്തുവിന്റെ സാക്ഷിയാക്കി മാറ്റണമേ. ദൈവത്തിനു ഹിതകരമായ ജീവിതം നയിക്കുവാൻ എല്ലാ അശുദ്ധിയെയും നീക്കി എന്റെ ഹൃദയത്തിൽ വിശുദ്ധി നിറയ്ക്കണമേ. കാപട്യമകറ്റി, ദൈവഭയവും ഭക്തിയും തന്നരുളണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!