സ്നേഹം കൊടുക്കാനുള്ളതാണ്
"മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ. ഇതാണ് നിയമവും പ്രവാചകന്മാരും." (മത്തായി 7:12)
വിചിന്തനം
അനുദിന ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന ഒട്ടേറെ വേദനകൾക്ക് കാരണം മറ്റുള്ളവർ നമ്മോട് ഇടപഴകുന്ന രീതിയിൽ നമുക്കുള്ള അതൃപ്തിയാണ്. മറ്റുള്ളവർ, പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ടവർ, നമ്മെ സ്നേഹിക്കണമെന്നും നമ്മോട് പ്രത്യേകമായ താത്‌പര്യം കാട്ടണമെന്നും ആഗ്രഹിക്കാത്തവരായി നമ്മിലാരും ഉണ്ടാവില്ല. ഈ ആഗ്രഹത്തിന് എതിരായി ഉണ്ടാവുന്ന തിക്താനുഭവങ്ങളാണ് നമ്മെ പലപ്പോഴും ദുഖത്തിന്റെ നിലയില്ലാകയങ്ങളിലേക്ക് തള്ളിയിടുന്നത്. ആവശ്യത്തിനു സ്നേഹം ലഭിക്കുന്നില്ല എന്ന പരാതി ബാഹ്യമായി നമ്മൾ പലപ്പോഴും മറക്കുമെങ്കിലും, അവയുണ്ടാക്കുന്ന ആന്തരികമുറിവുകൾ നാമറിയാതെ നമ്മുടെ ജീവിതത്തെ ഒട്ടേറെ രീതിയിൽ ബാധിക്കാറുണ്ട്. അപകർഷതാബോധം മുതൽ വിവിധതരം ശാരീരികമായ അസംതൃപ്തികൾ മുതൽ മാനസികമായ ആസക്തികൾവരെയുള്ള ഒട്ടേറെ പ്രശ്നങ്ങൾ പലപ്പോഴും ഉരുൾത്തിരിയുന്നത് ആവശ്യത്തിനു സ്നേഹം ലഭിക്കുന്നില്ലെന്ന ധാരണയിൽ നിന്നാണ്.
സ്നേഹിക്കപ്പെടുക എന്നത് ഓരോ വ്യക്തിയുടെയും അടിസ്ഥാന ആവശ്യവും അവകാശവുമായി തോന്നാമെങ്കിലും, ഇന്നത്തെ വചനത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുന്പോൾ സ്നേഹത്തെക്കുറിച്ച് ദൈവത്തിന്റെ മറ്റൊരു കാഴ്ചപ്പാടാണ് നമുക്ക് വെളിപ്പെട്ടുകിട്ടുന്നത്. "നാം അവിടുത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയായി സ്വപുത്രനെ അയക്കുകയുംചെയ്തു എന്നതിലാണ് സ്നേഹം" (1 യോഹന്നാൻ 4:10). സ്നേഹം ലഭിക്കാനുള്ളതല്ല; കൊടുക്കാനുള്ളതാണ്. മറ്റുള്ളവർ നമ്മെ സ്നേഹിക്കണമെന്നു നാമാഗ്രഹിക്കുന്ന അവസരങ്ങളിലെല്ലാം, ആ സ്നേഹത്തിനായി കാത്തിരിക്കാതെ, അവരെ സ്നേഹിക്കാൻ നമുക്കാകണം. ദൈവം നമ്മെ സ്നേഹിച്ചതുകൊണ്ടാണ് എന്താണ് സ്നേഹം എന്നു നമ്മൾ അറിഞ്ഞത്. "ദൈവം സ്നേഹമാണ്" (1 യോഹന്നാൻ 4:8) എന്ന തിരിച്ചറിവോടെ ദൈവസ്നേഹത്തിനായി ഹൃദയങ്ങളെ തുറന്നുകൊടുക്കുന്നവരിലേക്ക് അവിടുന്ന് തന്റെ പരിശുദ്ധാത്മാവിലൂടെ സ്നേഹം ചൊരിയുന്നു (cf. റോമാ 5:5). ഇപ്രകാരം ദൈവസ്നേഹത്താൽ നിറയുന്നവർ പിന്നീട് ഒരിക്കലും ലോകം പ്രദാനം ചെയ്യുന്ന സ്നേഹത്തിന്റെ പിന്നാലെ പരക്കം പായുകയില്ല. തന്നെ സ്നേഹിക്കുന്നവരെയും വെറുക്കുന്നവരെയും, അവഗണിക്കുന്നവരെയും തള്ളിപ്പറയുന്നവരെയും സ്നേഹിക്കുന്നതുവഴി ഒരു പുതിയ കാഴ്ചപ്പാടിലൂടെ സ്നേഹത്തെ നോക്കിക്കാണാൻ നമ്മുടെ സമൂഹത്തെ പ്രേരിപ്പിക്കാൻ നമുക്കാവും.
ദൈവം നമ്മെ സ്നേഹിക്കുന്നത് നാമവിടുത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് നോക്കിയല്ല, ഇവിടെയാണ് ദൈവസ്നേഹം മനുഷ്യരുടെ സ്നേഹത്തിൽനിന്നു വിഭിന്നമാകുന്നത്. നമ്മൾ സ്നേഹം മറ്റുള്ളവരുമായി കൈമാറ്റം ചെയ്യുകയാണ് - കൊടുക്കുന്ന സ്നേഹത്തിന് പകരമായി സ്നേഹം വേണമെന്ന വ്യവസ്ഥ നമ്മുടെ ബന്ധങ്ങളിൽ എപ്പോഴും ഉണ്ട്. എന്നാൽ, അതിരുകളില്ലാത്ത സ്നേഹമാണ് സൃഷ്ടികർമ്മത്തിന് ദൈവത്തെ പ്രേരിപ്പിച്ചത്. നിയമങ്ങളിലൂടെയും പ്രവാചകരിലൂടെയുമൊക്കെ ദൈവം തന്റെ സ്നേഹം ഏതുവിധത്തിൽ ഉള്ളതാണ് എന്നാണ് വെളിപ്പെടുത്താനാഗ്രഹിച്ചത്. "ക്രിസ്തു സ്വന്തം ജീവൻ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതിൽനിന്നു സ്നേഹം എന്തെന്ന് നാമറിയുന്നു" (1 യോഹന്നാൻ 3:16). വ്യവസ്ഥകളില്ലാത്ത സ്നേഹമാണ് ദൈവത്തിന്റെത് (agape in Greek), തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കൊടുക്കുക മാത്രം ചെയ്യുന്ന സ്നേഹം.
തനിക്കു പ്രിയപ്പെട്ടവരും, താൻ ത്യാഗങ്ങൾ സഹിച്ചു വലുതാക്കിയവരും തന്നെ സ്നേഹിക്കുന്നില്ലെന്നു മാത്രമല്ല, വെറുക്കുകകൂടി ചെയ്യുന്നു എന്ന തിരിച്ചറിവോടെ, കണ്ണീരിലും നിരാശയിലും കഴിയുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്. എന്നാൽ, "സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല." (1 കോറിന്തോസ് 13:7,8). കടപ്പാടുകളാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നു നമുക്കോർക്കാം - നമ്മിലെ സ്നേഹം വർദ്ധിക്കുന്നത് അത് ലഭിക്കുന്പോഴല്ല; നമ്മൾ കൊടുക്കുന്പോഴാണ്. ലോകം നമ്മെ സ്നേഹിക്കണം എന്ന ആഗ്രഹം ഉണ്ടാകുന്ന അവസരങ്ങളിലെല്ലാം ലോകത്തെ സ്നേഹിക്കാൻ നമുക്ക് ശ്രമിക്കാം; അതിനായി നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.
സ്നേഹപിതാവേ, അങ്ങയുടെ ഏകജാതനും ഞങ്ങളുടെ രക്ഷകനുമായ ഈശോയെ സ്നേഹത്തിന്റെ കൽപനയുമായി ലോകത്തിലേക്ക് അയച്ചതിനെയോർത്തു ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. കർത്താവേ, പരസ്പരം നിസ്വാർത്ഥമായി സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. ദുഃഖിതരെ ആശ്വസിപ്പിക്കുവാനും, നിരാശയിൽപ്പെട്ടവർക്ക് പ്രതീക്ഷ പകർന്നു കൊടുക്കാനും, സന്താപമുള്ളിടത് സന്തോഷം വിതയ്ക്കാനും ഞങ്ങളെ ശക്തരാക്കണമേ. സ്നേഹത്തിനായി സദാ ദാഹിക്കുന്നവരാകാതെ, സ്നേഹത്തിന്റെ വറ്റാത്ത ഉറവകളായി ഞങ്ങളുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുതണമേ. ആമ്മേൻ.
(Revised - Original post 6/1/2013)
വളരെ നല്ല ചിന്ത
മറുപടിഇല്ലാതാക്കൂ