പാറമേൽ സ്ഥാപിതമായ ഭവനം

"എന്റെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യന് തുല്ല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു. എങ്കിലും അത് വീണില്ല. എന്തുകൊണ്ടെന്നാൽ, അത് പാറമേൽ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങൾ കേൾക്കുകയും എന്നാൽ അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ മണൽപ്പുറത്തു ഭവനം പണിത ഭോഷന് തുല്ല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു, അത് വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു." (മത്തായി 7:24-27)  

വിചിന്തനം 
ബാഹ്യാനുഷ്ടാനങ്ങളിലൂടെ ദൈവത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്കിയ ഈശോ തന്റെ ഗിരിപ്രഭാഷണം അവസാനിപ്പിച്ചത് ഒരു ഉപമയിലൂടെയാണ്. തന്റെ വചനം ശ്രവിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലവും, തന്നെ ശ്രവിചതിനുശേഷം അവ സ്വീകരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് ഉണ്ടാകാനിരിക്കുന്ന അപകടവും വ്യക്തമാക്കുകയാണ് യേശുവിന്റെ ഈ ഉപമയുടെ ഉദ്ദേശം. 

ഈ ഉപമ പലപ്പോഴും നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങൾ, വലിയൊരു പാറയുടെ മുകളിൽ പണിത ഒരു വീടും നല്ല നിരപ്പായ മണലിൽ പണിത മറ്റൊരു വീടുമാണ്‌. എന്നാൽ, പാലസ്തീനായിലെ ഭൂപ്രകൃതി ഈ ഉപമയെക്കുറിച്ചു അല്പംകൂടി വ്യത്യസ്തമായ ഒരു ചിത്രമാണ് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്‌. ധാരാളം കുന്നുകളും സമതലങ്ങളും നിറഞ്ഞ ആ പ്രദേശം മഴക്കാലത്ത് ഒട്ടേറെ അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. മലകളുടെ മുകളിൽനിന്നും മഴവെള്ളം വളരെപ്പെട്ടെന്നു ജോർദാൻ നദിയിലേക്ക് ഒഴുകിയിരുന്നതിനാൽ, അപ്രതീക്ഷിതമായ ഇടങ്ങളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടാകുമായിരുന്നു. വളരെ കുറച്ചുസമയംമാത്രം നീണ്ടുനിന്നിരുന്ന ഈ മലവെള്ളപ്പാച്ചിൽ അതു കടന്നുപോകുന്ന വഴികളിലെല്ലാം വലിയ നാശനഷ്ടങ്ങൾക്ക് കാരണമായിരുന്നു. ഒട്ടേറെ വീടുകൾക്ക് നാശനഷ്ടം ഉണ്ടാകുകയും ഒഴുകിപ്പോകുകയും ഒക്കെ ഈ സമയങ്ങളിൽ സാധാരണമായിരുന്നു. ഇതറിയാവുന്ന വിവേകമതികളായ ജനങ്ങൾ വീടുകൾ പണിയുന്പോൾ ആഴത്തിൽ വാനംമാന്തി, മണ്ണിന്റെ അടിയിൽ ഒളിഞ്ഞുകിടന്നിരുന്ന ദൃഡമായ പാറ കണ്ടെത്തുകയും, അവയിൽ അടിസ്ഥാനമിട്ട് വീടുകൾ പണിയുകയും ചെയ്തിരുന്നു.  വളരെ അധ്വാനവും പണച്ചിലവും ഇപ്രകാരം വീടു പണിയുന്നതിനു ആവശ്യമായിരുന്നു. അപകടത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിട്ടും, അധ്വാനിക്കാൻ താല്പര്യമില്ലാത്തവർ ആഴംകുറഞ്ഞ അടിസ്ഥാനമിട്ടും വീടുകൾ പണിതിരുന്നു. ഇപ്രകാരം പണിത രണ്ടു വീടുകളും പ്രഥമദൃഷ്ടിയിൽ ഒന്നുപോലെ കാണപ്പെട്ടിരുന്നു. കാറ്റും മഴയുമില്ലാത്ത നല്ല കാലാവസ്ഥയിൽ രണ്ടുവീടുകളും അവയുടെ ഉടമസ്ഥർക്ക് ഒരേ പ്രയോജനം തന്നെയാണ് ചെയ്തിരുന്നത്. എന്നാൽ, ശക്തമായ കാറ്റും വെള്ളപ്പൊക്കവുമുണ്ടാകുന്പോൾ ഈ രണ്ടു വീടുകളുടെയും അവസ്ഥ തികച്ചും വ്യത്യസ്തങ്ങളായിരുന്നു. 

ദൈവവചനം ഉപയോഗിച്ച് തങ്ങളുടെ ജീവിതങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവരുടെ സ്ഥിതിയും ഈ ഭവനങ്ങളുടേതിനു സമാനമാണ്.  മറ്റുള്ളവർക്ക് പുറമേനിന്നു കാണാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രം വ്യതിയാനം വരുത്താൻ സഹായിക്കുന്ന ഒന്നായിരിക്കരുത് ദൈവവചനം. നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയ ദൈവവചനങ്ങളിൽ നിന്നായിരിക്കണം നമ്മുടെ സ്വഭാവം ഉരുത്തിരിയേണ്ടത്. യഥാർത്ഥമായ അനുസരണവും, എളിമയും, സഹോദരസ്നേഹവും, പ്രാർത്ഥനയുമെല്ലാം ദൈവസ്നേഹവും ദൈവഭയവും ആഴത്തിൽ വേരൂന്നിയ ഹൃദയങ്ങളിലാണ് ഉത്ഭവിക്കുന്നത്. സഹനങ്ങളും രോഗങ്ങളും തകർച്ചകളും പ്രലോഭനങ്ങളും പീഡനങ്ങളും ഒക്കെയായി പലപ്പോഴും നമ്മുടെയെല്ലാം ജീവിതങ്ങളിലേക്ക് വലിയ കാറ്റും മഴയും കടന്നുവരാറുണ്ട്. ഇവയോടുള്ള നമ്മുടെ പ്രതികരണം ദൈവവചനത്തെ നാമെങ്ങിനെ നമ്മുടെ ജീവിതത്തിൽ സ്വീകരിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന അവസരങ്ങളാണ്. വെറുതെ മണലിൽ വീടുപണിതവരെപ്പോലെ നമ്മുടെ വിശ്വാസം കേവലം ഉപരിപ്ലവമെങ്കിൽ പ്രതികൂലസാഹചര്യങ്ങൾ ഉണ്ടാകുന്പോൾ ദൈവകൃപയിൽ ആശ്രയിച്ചു മുന്നോട്ടു പോകാൻ നമുക്കാവില്ല. ദൈവത്തിൽനിന്നും അകന്ന് തെറ്റായ ഉപദേശങ്ങൾ തരാൻ വെന്പൽകൊണ്ട് കാത്തിരിക്കുന്നവരിലും ലൌകീകവസ്തുക്കളിലും ലഹരിപദാർത്ഥങ്ങളിലും എല്ലാം അഭയം തേടാൻ കാരണമാകുന്നത്  നമ്മൾ ശ്രവിക്കുന്ന ദൈവവചനം വിശ്വാസത്തോടെ ഹൃദയത്തിൽ സ്വീകരിക്കാൻ കഴിയാതെ പോകുന്നതു മൂലമാണ്. നല്ലകാലങ്ങളിൽ ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനുമെല്ലാം മനസ്സുവയ്ക്കുന്നവർ, ആപത്ഘട്ടങ്ങളിൽ ദൈവത്തിൽ വിശ്വസിക്കാൻ വിസമ്മതിക്കുന്നതും അകന്നു പോകുന്നതും അവരുടെ വിശ്വാസം കേവലം ബാഹ്യാനുഷ്ടാനങ്ങളിൽ ഒതുങ്ങി നിൽക്കുന്നതു കൊണ്ടു കൂടിയാണ്. 

നല്ല കാലങ്ങളിൽ എന്നപോലെതന്നെ, പ്രതിസന്ധികളിലും കഷ്ടതകളിലും നമ്മെ കാത്തുപരിപാലിക്കാൻ ദൈവത്തിന്റെ ശക്തമായ കരങ്ങൾക്കാവും. "അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും, എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും" (സങ്കീർത്തനം 18:2), എന്ന് ഏതു ആപത്തിലും വിശ്വാസത്തോടെ പറയാൻ കഴിയുന്നവരാണ് പാറമേൽ അടിസ്ഥാനമിട്ടു വീടു പണിതവർ. "യേശുക്രിസ്തുവെന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു; അതിനുപുറമേ മറ്റൊന്ന് സ്ഥാപിക്കാൻ ആർക്കും സാധിക്കുകയില്ല" (1 കോറി 3:11).കർത്താവായ യേശുക്രിസ്തുവിന്റെ വചനമായിരിക്കണം നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. പത്രോസാകുന്ന പാറമേൽ ഈശോ പണിതുയർത്തിയ തിരുസഭയിലൂടെ വേണം  നാമും നമ്മുടെ ജീവിതമാകുന്ന ഭവനങ്ങൾ പണിതുയർത്തേണ്ടത്. ജീവിതത്തിൽ എതെങ്കിലുമൊക്കെ അവസരങ്ങളിൽ മണലിൽ ഭവനം പണിയുകയെന്ന ഭോഷത്തം നാമെല്ലാം ചെയ്തിട്ടുണ്ട്. ഇങ്ങനെചെയ്തതുമൂലം തകർന്നപോയ ജീവിതങ്ങളെ പുനരുദ്ധരിക്കാനും, പാറമേൽ ശക്തമായ അടിത്തറയോടുകൂടിയ പുതിയ ഭവനങ്ങൾ പണിയാനും തിരുസഭയിലൂടെ കാരുണ്യവാനായ ദൈവം നമ്മെ സദാ ക്ഷണിക്കുന്നുണ്ട്‌. ആ വിളി തിരിച്ചറിഞ്ഞ്, ദൈവവചനം ശ്രവിക്കുന്നവർ മാത്രമാകാതെ, ഹൃദയത്തിൽ സ്വീകരിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.  

കർത്താവേ, വിശ്വാസിയാണെന്ന അഹങ്കാരത്തോടെ വിശ്വാസവഞ്ചന ചെയ്തിട്ടുള്ള എല്ലാ അവസരങ്ങളെയും ഓർത്ത് ഞാനങ്ങയോട് മാപ്പപേക്ഷിക്കുന്നു. കഷ്ടതകളും ദുഃഖങ്ങളും എന്റെ ജീവിതത്തെ ഞെരുക്കുന്ന അവസരങ്ങളിൽ, വിശ്വാസത്തിൽ അടിത്തറപാകിയ ഒരു ജീവിതം നയിക്കുന്നതിനായി അവിടുത്തെ ജീവദായകവും സൗഖ്യദായകവും സഹായകവുമായ വചനത്താൽ എന്റെ ആത്മാവിനു പുതുജീവനും, ഹൃദയത്തിനു സൌഖ്യവും, ആപത്തിൽ സഹായവും നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ. 

(Revised - Part of a post from June 5, 2013

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!