യേശുവിന്റെ അധികാരം

"യേശു ഈ വചനങ്ങൾ അവസാനിപ്പിച്ചപ്പോൾ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത്." (മത്തായി 7:28)

വിചിന്തനം 
അധികാരം എന്നത് വളരെ ശക്തമായ ഒരു പദമാണ് - ആജ്ഞാശക്തിയുള്ള, അംഗീകാരം ആവശ്യപ്പെടുന്ന, ഭയമുളവാക്കുന്ന, അച്ചടക്കത്തിനായി നിർബന്ധിക്കുന്ന ഒരു വാക്കാണത്‌. ഈ ലോകത്തിൽ അധികാരമെന്നാൽ ഒരു സ്ഥാനമാണ് - രാജാക്കന്മാർ അധികാരത്തിലേക്ക് ജനിച്ചു വീഴുന്നു, ജനപ്രതിനിധികൾക്ക് അധികാരം കുറേക്കാലത്തേക്ക് മാത്രം അനുവദിച്ചു കിട്ടുന്നു. ലോകം നൽകുന്ന അധികാരത്തിന്റെ ശ്രദ്ധേയമായ വസ്തുത അതു ലോകത്തിനു തിരിച്ചെടുക്കാൻ ആകും എന്നുള്ളതാണ്. രാജാക്കന്മാരുടെ അധികാരം അവരേക്കാൾ ശക്തരായവർ അവരിൽനിന്നും എടുത്തുമാറ്റിയെന്നുവരാം; തങ്ങളുടെ കാലാവധി കഴിയുന്പോൾ ജനപ്രതിനിധികളും അധികാരമില്ലാത്തവരുടെ അവസ്ഥയിലേക്ക് മടങ്ങുന്നു. യഹൂദരുടെ ഇടയിൽ നിയമജ്ഞർക്ക് ഒട്ടേറെ അധികാരങ്ങൾ ഉണ്ടായിരുന്നു. ദൈവകല്പനകൾ വ്യാഖ്യാനം ചെയ്തു ജനങ്ങൾക്ക്‌ വിവരിച്ചു കൊടുക്കുന്നവർ എന്ന നിലയിൽ സമൂഹത്തിലെ ശരിയേത് തെറ്റേത് എന്നു നിശ്ചയിച്ചിരുന്നത് അവരാണ്. എങ്കിലും അവരുടെ അധികാരത്തിനും പരിമിതികൾ ഉണ്ടായിരുന്നു; ഫരിസേയരുടെ പിൻബലമില്ലാത്ത അവരുടെ വ്യാഖ്യാനങ്ങൾക്ക് നിലനില്പുണ്ടായിരുന്നില്ല. എന്നാൽ യേശുവിന്റെ ഗിരിപ്രഭാഷണം ശ്രവിച്ച ജനങ്ങൾ അവർക്കു പരിചിതരായ അധികാരികളുടേതിൽനിന്നും വ്യത്യസ്തമായ ഒരു അധികാരം യേശുവിലൂടെ അനുഭവിക്കാൻ സാധിച്ചു. സന്ദേഹവും കാപട്യവും ഇല്ലാത്തതും പരസ്പരവിരുദ്ധം അല്ലാത്തതുമായ യേശുവിന്റെ പ്രബോധനങ്ങൾ അവരിൽ വിസ്മയം ഉളവാക്കി.

യേശുവിന്റെ വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും ഈ ആധികാരികത ദൃശ്യമായിരുന്നു. നിലവിലുണ്ടായിരുന്ന മാനുഷികനിയമങ്ങൾക്കും വ്യവസ്ഥിതികൾക്കും എതിരായ ഒരു ജീവിത ശൈലിയായിരുന്നു അവിടുത്തേത്. എല്ലാവിധ ആധിവ്യാധികളുടെയുംമേൽ യേശുവിനു അധികാരം ഉണ്ടായിരുന്നു; രോഗങ്ങളിൽനിന്നും സുഖപ്പെടുത്തുക മാത്രമല്ല, ഭൂമിയിൽ മനുഷ്യരുടെ പാപങ്ങൾ മോചിക്കാനുള്ള അധികാരവും അവിടുത്തേക്ക്‌ ഉണ്ടായിരുന്നു (മത്തായി 9:1-8). അധികാരത്തോടുകൂടിയ പ്രബോധനത്തോടെ അശുദ്ധാത്മാക്കളോട് ആജ്ഞാപിക്കാനും അവയെ പുറത്താക്കാനും യേശുവിനു കഴിഞ്ഞിരുന്നു (മർക്കോസ് 1:27). "തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവു നൽകി" (യോഹന്നാൻ 1:12). പാപികളായ നമ്മെ ദൈവമക്കളെന്ന പരമോന്നത പദവിയിലേക്ക് ഉയർത്താനുള്ള അധികാരവും യേശുവിൽ നിക്ഷിപ്തമായിരുന്നു. "മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്കിയിരിക്കുന്നു" (യോഹന്നാൻ 5:27). അന്ത്യവിധിനാളിൽ കല്ലറകളിൽനിന്നു പുറത്തു വരുന്നവർ നിത്യജീവനിലേക്കാണോ ശിക്ഷാവിധിയിലേക്കാണോ ഉയിർക്കുന്നത് എന്നു വിധിക്കുന്നത് യേശുക്രിസ്തുവാണ്. മനുഷ്യനു സങ്കൽപ്പിക്കാൻകൂടി സാധിക്കാത്ത വിധത്തിലുള്ള അധികാരങ്ങളാണ് പിതാവായ ദൈവം തന്റെ എകജാതനിൽ നിക്ഷേപിച്ചിരിക്കുന്നത്. "സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു" (മത്തായി 28:18). ലൗകീകാധികാരങ്ങൾക്കും പ്രബോധനങ്ങൾക്കും എല്ലാം ഉപരിയാണ് യേശുവിന്റെ അധികാരം എന്ന തിരിച്ചറിവോടെ, നമ്മുടെ രക്ഷകനും രാജാവുമായി ഈശോയെ ഏറ്റുപറയാനും, അവിടുത്തെ പ്രബോധനങ്ങളെ ഹൃദയത്തിൽ സ്വീകരിക്കാനും, ദൈവഹിതപ്രകാരം ജീവിതത്തെ ക്രമപ്പെടുത്താനും നമുക്കാവുന്നുണ്ടോ?  

പാപത്തിനടിപ്പെട്ട ആദത്തിന്റെയും ഹവ്വായുടെയും കാലം മുതലുള്ള ലോകം ആകാംക്ഷയോടെ കാത്തിരുന്ന സുദിനമാണ് രക്ഷകന്റെ ആഗമനദിവസം. കൂരിരുട്ടിൽ തപ്പിതടഞ്ഞു നടന്നിരുന്ന ആ ജനതയ്ക്ക് അവരുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരവും വഴിയും അജ്ഞാതമായിരുന്നു. എന്നാൽ, പ്രത്യക്ഷാ അന്ധകാരപൂരിതമെന്നു തോന്നുന്ന നമ്മുടെ ഇന്നത്തെ ലോകത്തിന്റെ അവസ്ഥ അതല്ല. രണ്ടായിരം വർഷംമുന്പ്, ഒരു കന്യകയുടെ "ഇതാ കർത്താവിന്റെ ദാസി" എന്ന സമ്മതത്തോടെ ലോകം പ്രകാശപൂരിതമായി. നമുക്കിന്നു അന്ധകാരം അനുഭവപ്പെടുന്നത് ലോകത്തിൽ പ്രകാശം ഇല്ലാതിരുന്നിട്ടല്ല, നാം കണ്ണുകൾ അടച്ചു ആ പ്രകാശത്തെ നമ്മിൽനിന്നും അകറ്റി നിർത്തുന്നതു കൊണ്ടാണ്. രക്ഷകനായ ദൈവം തന്നെത്തന്നെ ശൂന്യനാക്കി ഒരു മനുഷ്യശിശുവായി ലോകത്തിലേക്കു വന്നതിന്റെ ഓർമ്മ ആചരിക്കാൻ ഒരുങ്ങുകയാണ് തിരുസഭ. ഈ ഒരുക്കത്തിൽ നമുക്കും പങ്കാളികളാകാം. കേവലം ബാഹ്യമായ അനുഷ്ഠാനങ്ങൾക്കും ആഘോഷങ്ങൾക്കും ഉപരിയായി, ആ പൈതലിനെ ഹൃദയത്തിൽ സ്വീകരിക്കാനായി നമുക്കൊരുങ്ങാം, അതിനായി നമ്മുടെ കണ്ണുകളെ നമുക്ക് തുറക്കാം. കർത്താവായ യേശുക്രിസ്തു തന്റെ സർവ അധികാരങ്ങളും ഉപയോഗിച്ച് ഗിരിപ്രഭാഷണത്തിലൂടെ നമുക്ക് നൽകിയ പ്രബോധനങ്ങൾ ഗ്രഹിച്ച്, അതനുസരിച്ച് ജീവിക്കുന്നവരാകാനുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം. 

സ്നേഹപിതാവേ, അങ്ങയുടെ പുത്രനെ അറിയുവാനും സ്നേഹിക്കുവാനും അനുസരിക്കാനുമുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ തന്ന് എന്നെ അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവേ, ഈ ലോകമൊന്നാകെ വിശ്വാസത്തോടെ യേശുവിന്റെ പക്കൽ വരുന്നതിനും, ഈശോയെ അറിയാതെ ഒരാൾപോലും ഈ ലോകത്തിൽനിന്നും വേർപിരിയാതിരിക്കേണ്ടതിനും ഞങ്ങളിലെ അവിശ്വാസത്തിന്റെ മതിലുകളെ തകർത്തെറിയണമേ, അന്ധകാരത്തിലേക്ക് തുറന്നിരിക്കുന്ന ഞങ്ങളുടെ കണ്ണുകളെ പ്രകാശത്തിലേക്ക് തിരിക്കണമേ, തിന്മയായതുകേട്ടു അടഞ്ഞുപോയ ഞങ്ങളുടെ കാതുകളെ ദൈവസ്വരത്തിനായി തുറക്കണമേ, ദുഷ്ടതയാൽ കഠിനമായ ഞങ്ങളുടെ ഹൃദയങ്ങളെ അനുതാപത്തിന്റെ അഗ്നിയാൽ മെഴുകുപോലെ ഉരുക്കണമേ. ആമ്മേൻ. 

(Revised - Part of an original post from June 5, 2013)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്