നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്‌

"ആ ദിവസങ്ങളിൽ, മറിയം യൂദയായിലെ മലന്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തിൽ യാത്ര പുറപ്പെട്ടു. അവൾ സഖറിയായുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി. എലിസബത്ത്‌ പരിശുദ്ധാത്മാവ് നിറഞ്ഞവളായി. അവൾ ഉദ്ഘോഷിച്ചു: നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളിൽ പതിച്ചപ്പോൾ ശിശു എന്റെ ഉദരത്തിൽ സന്തോഷത്താൽ കുതിച്ചുചാടി. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി." (ലൂക്കാ 1:39-45)

വിചിന്തനം 
ദൈവമാതാവാകുവാനുള്ള ഭാഗ്യം തനിക്കു ലഭിച്ചു എന്നറിഞ്ഞ ഉടനെ പരിശുദ്ധ അമ്മ ചെയ്തത് തന്റെ ചാർച്ചക്കാരിയായ എലിസബത്തിന്റെ വീട്ടിലേക്ക് വളരെ ക്ലേശം നിറഞ്ഞ വഴികളിലൂടെ ഒരു യാത്ര പുറപ്പെടുകയാണ്. മാലാഖയുടെ സന്ദർശനസമയംവരെ മറിയം എന്ന യുവതിക്ക് തന്റേതായ പല പദ്ധതികളും ഉണ്ടായിരുന്നിരിക്കണം. എന്നാൽ, ദൈവഹിതത്തിനു തലകുനിച്ചശേഷം മറിയം തന്റെ എല്ലാ പദ്ധതികളും ഉപേക്ഷിച്ച്, യാതൊരു ഒഴികഴിവും പറയാതെ ദൈവം ആഗ്രഹിക്കുന്നത് ചെയ്യുന്നതാണ് യൂദയായിലേക്കുള്ള യാത്രയിലൂടെ നമ്മൾ കാണുന്നത്. വൃദ്ധയായ എലിസബത്തിനു ഗർഭധാരണംമൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ മുൻകൂട്ടി കണ്ട അമ്മ, ദൈവമാതാവെന്ന മഹനീയ സ്ഥാനത്തിൽ അഹങ്കരിക്കാതെ, സഹായ ഹസ്തവുമായി സഖറിയായുടെ വീട്ടിലേക്ക് പോകുകയാണ് ചെയ്തത്. തന്റെ ഉദരത്തിൽ വളരുന്ന ദിവ്യശിശുവിനെപ്പോലെതന്നെ ആ അമ്മയും മഹാമനസ്കതയുടെ പര്യായമായിരുന്നു. 

സ്നേഹമുള്ള ഹൃദയമാണ് മഹാമനസ്കതയുടെ ഉറവിടം; ഉദാരമായി നൽകാൻ കഴിയാത്തവർക്ക് സ്വാർത്ഥതകളില്ലാതെ സ്നേഹിക്കാനും സാധിക്കില്ല. "മറ്റുള്ളവരിലേക്ക് നമ്മെ അടുപ്പിക്കാൻ ബോധപൂർവം നമ്മൾ നടത്തുന്ന ശ്രമമാണ് സ്നേഹം; അതൊരിക്കലും നമ്മിലെ നൈസ്സർഗ്ഗീകമായ ഒരു മനോഭാവം (instictive inclination) അല്ല. മറ്റെല്ലാറ്റിൽനിന്നും, പ്രത്യേകിച്ചും നമ്മിൽനിന്നു തന്നെ, നമ്മെ വേർപെടുത്തി ഉദാരമായി നൽകാൻ കഴിയുന്പോഴാണ് നാം യഥാർത്ഥ സ്നേഹത്തിന്റെ ഉടമകളാകുന്നത്" (Bl. John Paul II). നമുക്കുള്ളത് മറ്റുള്ളവരുമായി ഉദാരമായി പങ്കുവയ്ക്കുന്പോൾ നാം ഹൃദയവിശാലത ഉള്ളവരായി മാറുന്നു; വിശാലമായ ഹൃദയത്തിൽ സ്നേഹം തഴച്ചു വളരുകയും ചെയ്യുന്നു. 

നമ്മുടെ അനുദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്നവരിലേക്ക് സ്നേഹം പകർന്നുകൊടുക്കാൻ കഴിയുന്പോഴാണ് നമ്മൾ അനുഗ്രഹീതരാകുന്നത്. ഉദാരമായി നൽകി മറ്റുള്ളവരിലേക്ക് സ്നേഹം എത്തിക്കുക എന്നതുകൊണ്ട്‌ സാന്പത്തികമായി സഹായിക്കുക എന്നുമാത്രമല്ല അർത്ഥമാക്കുന്നത്. പ്രകോപനങ്ങളും തിരിച്ചടികളും ഉണ്ടാകുന്പോൾ സൌമ്യത കൈവിടാതെ മറ്റുള്ളവർക്ക് സംശയത്തിന്റെ ആനുകൂല്യം നൽകിയും, കുടുംബത്തിലും ജോലിസ്ഥലത്തും മറ്റാരും ചെയ്യാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യുന്നതുവഴിയും, മറ്റുള്ളവരുടെ തെറ്റുകളിൽമാത്രം ശ്രദ്ധ ഊന്നി അവരെ അകറ്റി നിർത്താതെയും, കുത്തിനോവിക്കുന്ന അർത്ഥംവച്ചുള്ള സംഭാഷണങ്ങൾ ഒഴിവാക്കിയും, നല്ലതു പ്രവർത്തിക്കുന്നത് ആരായാലും അവരെ അഭിനന്ദിക്കാൻ മടികാട്ടാതെയും, മറ്റുള്ളവർ നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്പോൾ കൃതജ്ഞതാപൂർവം അതു സ്വീകരിച്ചുകൊണ്ടുമെല്ലാം നമ്മിലെ ഹൃദയവിശാലത മറ്റുള്ളവരുടെ മുന്പാകെ തുറന്നുകാട്ടാൻ നമുക്കാവണം. 

മനുഷ്യനു എതിർത്തു തോൽപിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള അവസ്ഥകളിലൊന്നാണ് അവന്റെ ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന സ്വാർത്ഥത. മറ്റുള്ളവരെ സഹായിക്കാൻ നമ്മിലെ സ്വാർത്ഥത തടസ്സം നിൽക്കുന്ന അവസരങ്ങളിൽ പരിശുദ്ധ അമ്മയിലേക്ക് നോക്കാൻ നമുക്കാവണം. തന്നെ മുഴുവനായും ദൈവഹിതത്തിനായും, അതുവഴി ലോകത്തിനു മുഴുവനായും, സമർപ്പിച്ചതുമൂലം ആ അമ്മ അനുഭവിച്ച ആനന്ദവും നേടിയെടുത്ത സൌഭാഗ്യങ്ങളും നമുക്ക് തീർച്ചയായും മാർഗ്ഗദർശകമാകണം. "സ്വർഗ്ഗരാജ്യം വിലമതിക്കാൻ ആവാത്തതാണ്; എങ്കിലും, അതു സ്വന്തമാക്കാൻ നമുക്കുള്ളതെല്ലാം വിലയായി നൽകിയേ മതിയാവുകയുള്ളൂ. പത്രോസും അന്ത്രയോസും അതിനു വിലയായി തങ്ങളുടെ വള്ളവും വലകളും നൽകി. ദരിദ്രയായ വിധവ അത് സ്വന്തമാക്കാൻ രണ്ടു ചില്ലിക്കാശ് വിലയായി നൽകി" (St. Gregory the Great, Homily 5 on Gospels). അമൂല്യമായ നിധി ഒളിഞ്ഞുകിടക്കുന്ന വയൽ സ്വന്തമാക്കാൻ നമുക്കുള്ളതെല്ലാം വിൽക്കാതിരിക്കാൻ നമുക്കെങ്ങിനെ സാധിക്കും?  

സ്നേഹത്തിന്റെ കൽപനയുമായി ലോകത്തിലേക്കുവന്ന കർത്താവേ, വ്യവസ്ഥകളില്ലാതെ സ്നേഹിക്കുവാനും സഹായിക്കുവാനും എന്നെ പഠിപ്പിക്കണമേ. ദുഖിതരെ ആശ്വസിപ്പിക്കുവാനും നിരാശയിൽപെട്ടവർക്ക് പ്രതീക്ഷ പകർന്നുകൊടുക്കാനും ക്ലേശമനുഭവിക്കുന്നവർക്ക് നിസ്വാർത്ഥമായി സേവനം ചെയ്യുവാനും എന്നെ ശക്തനാക്കണമേ. ആമ്മേൻ.

Another post on the same Verses - എന്താണ് ദൈവാനുഗ്രഹം?  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!