പരീക്ഷണങ്ങളും പ്രലോഭനങ്ങളും

പരീക്ഷണങ്ങളും പ്രലോഭനങ്ങളും 

(ക്രിസ്തുമതം വളരെ ലളിതമാണ് - മനുഷ്യനായി പിറക്കുകയും, മരിച്ചവരിൽനിന്നും ഉയിർക്കുകയും ചെയ്ത ജീവനുള്ള ദൈവമായ യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാനവും, കേന്ദ്രവും, സാരാംശവും. ഇതുപോലെ വേറൊരു മതം ലോകത്തെങ്ങുമില്ല; അതുകൊണ്ടുതന്നെ, ക്രിസ്തുമത വിശ്വാസം വളരെ സങ്കീർണ്ണവുമാണ്. വിശ്വാസത്തെക്കുറിച്ചും ആചാരനുഷ്ടാങ്ങളെക്കുറിച്ചും ധാരാളം സംശയങ്ങൾ പലപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാകാറുണ്ട്. എന്തിനാണ് പ്രാർത്ഥിക്കുന്പോൾ മുട്ടുകുത്തുന്നത് എന്ന കുട്ടികളുടെ സംശയം മുതൽ കുന്പസാരത്തിനു വൈദീകൻ ആവശ്യമുണ്ടോ എന്ന മുതിർന്നവരുടെ സംശയങ്ങൾക്കു വരെ ഉത്തരമില്ലാതെ വിഷമിക്കുന്ന ധാരാളംപേർ നമ്മുടെ ഇടയിലുണ്ട്. സംശയങ്ങൾ ഉണ്ടാകുന്പോൾ അവ ചോദിക്കുന്നതു പോയിട്ട്, സംശയങ്ങൾ ഉണ്ടാകുന്നതുപോലും ഒരു പാപമായി ചിത്രീകരിക്കുന്ന ഒരവസ്ഥ നമ്മുടെ ഇടയിൽ നിലവിലുണ്ടുതാനും. എന്നാൽ, സംശയങ്ങൾ രണ്ടു വിധത്തിലാകാം: ഒന്ന്, മനപൂർവം വിശ്വാസത്തെ കരിതേയ്ക്കാനും മറ്റുള്ളവരിൽ തെറ്റിദ്ധാരണ ജനിപ്പിക്കാനും വേണ്ടി പടച്ചുവിടുന്ന അസംബന്ധങ്ങൾ; രണ്ടാമതായി, ദൈവത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും കൂടുതൽ അറിയണം എന്ന ആഗ്രഹത്തിൽനിന്നും ഉത്ഭവിക്കുന്ന ചോദ്യങ്ങൾ. രണ്ടാമത്തെ വിഭാഗത്തിൽപെട്ട ചോദ്യങ്ങൾക്ക് ലളിതമായ ഉത്തരം നൽകാനുള്ള ഒരെളിയശ്രമം ഈ ബ്ലോഗിന്റെ ഭാഗമായി ആരംഭിക്കുകയാണ്. ഇതിന്റെ കമന്റ് ഉപയോഗിച്ച് നിങ്ങളുടെ ചെറിയ സംശയങ്ങൾ ചോദിക്കുക, വചനത്തിന്റെയും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെയും അടിസ്ഥാനത്തിൽ അവയ്ക്ക് ഉത്തരം നല്കാൻ ശ്രമിക്കുന്നതായിരിക്കും. ദൈവത്തിനു സ്തുതി) 

ദൈവം നമ്മെ പരീക്ഷിക്കുമോ? 

തീർച്ചയായും ദൈവം നമ്മെ പരീക്ഷിക്കും. ഏദൻ തോട്ടത്തിലെ മരത്തിൽനിന്നു ഭക്ഷിക്കരുത് എന്നു ആദിമാതാപിതാക്കളോട് പറഞ്ഞ ദൈവം അവരെ അതുവഴി പരീക്ഷിക്കുവാനുള്ള ഒരു വഴിയാണ് തുറന്നിട്ടത്. സകല ജനതകളുടെയും പിതാവായി അബ്രാഹത്തെ തിരഞ്ഞെടുത്ത ദൈവം, ഇസഹാക്കിനെ ബലിയായി നൽകണം എന്നാവശ്യപ്പെടുന്നതിലൂടെ അബ്രാഹത്തെ പരീക്ഷിക്കുകയാണ് ചെയ്യുന്നത്. കാറ്റും കോളും ഉണ്ടായപ്പോൾ വഞ്ചിയിൽ ഉറങ്ങി കിടന്നിരുന്ന ഈശോ തന്റെ ശിഷ്യരുടെ വിശ്വാസത്തെയാണ് പരീക്ഷിച്ചത്. ഇതുപോലെ ബൈബിളിൽ ഉടനീളം തന്നെ ആശ്രയിക്കുന്നവരുടെ വിശ്വാസം പരീക്ഷിക്കുന്ന ദൈവത്തെ നമുക്ക് കാണാൻ സാധിക്കും. 

എന്തിനാണ് ദൈവം നമ്മെ പരീക്ഷിക്കുന്നത്?

ദൈവം നമ്മെ പരീക്ഷിക്കുന്നത് നമ്മുടെ വിശ്വാസത്തിന്റെ ബലം നമുക്ക് വെളിപ്പെടുത്തി തരാനാണ്. നമുക്ക് ദൈവത്തിൽ എത്രമാത്രം വിശ്വാസം ഉണ്ടെന്ന് അറിയാൻ ദൈവത്തിനു നമ്മെ പരീക്ഷിക്കേണ്ട ആവശ്യമില്ല - നമ്മുടെ ആത്മാവിന്റെ നിജസ്ഥിതി ദൈവത്തിനറിയാം. എന്നാൽ, നമ്മുടെ വിശ്വാസത്തെക്കുറിച്ച് പലപ്പോഴും നമുക്കുള്ള ധാരണകൾ തെറ്റാണ്. ഒരു ക്ലാസ്സിൽ പഠിക്കുന്ന കാര്യങ്ങൾ നാമെത്രമാത്രം ഗ്രഹിച്ചു എന്ന് നമുക്ക് വ്യക്തമായി അളക്കാൻ സാധിക്കുന്നത് പരീക്ഷയുടെ ഫലം വരുന്പോഴാണ്. ഇതുപോലെതന്നെ, യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത സമയങ്ങളിൽ ദൈവത്തിൽ വിശ്വസിക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ധാരാളം പേർ നമ്മുടെ ഇടയിലുണ്ട്. എന്നാൽ, ജീവിതത്തിൽ ഒരു ചെറിയ പ്രശ്നം വരുന്പോൾ അവർ വല്ലാതെ ഭയപ്പെടുകയും, ദൈവം ഉണ്ടോ, അല്ലെങ്കിൽ ദൈവത്തിനു എന്നെ ഇഷ്ടമില്ലേ, ഞാനിത്രയും കാലം ദൈവത്തെ ആരാധിച്ചത് അവിടുന്ന് കണ്ടില്ലേ എന്നൊക്കെ ചിന്തിക്കാറുണ്ട്. വചനപ്രകാരം നമ്മുടെ എല്ലാ അവസ്ഥകളിലും നമ്മോടൊത്തുണ്ടാകുന്ന ദൈവമാണ് നമ്മുടേത്‌. എന്നാൽ, ബൈബിളിൽ വായിച്ച് അത് അംഗീകരിക്കുന്നതും, ജീവിതത്തിലെ പ്രതികൂലങ്ങളിൽ നമ്മുടെ പ്രതികരണങ്ങളിലൂടെ ആ വിശ്വാസത്തിനു സാക്ഷ്യം നൽകുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. "വിശ്വാസം പരീക്ഷിക്കപ്പെടുന്പോൾ നിങ്ങൾക്ക് അതിൽ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ" (യാക്കോബ് 1:3). നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതികൂലങ്ങളും അനുവദിക്കുകവഴി, ദൈവം നമ്മുടെ വിശ്വാസത്തിന്റെ ശക്തിയും തീവ്രതയും നമുക്ക് വെളിപ്പെടുത്തി തരുന്നു. ഇങ്ങനെ, നമ്മുടെ വിശ്വാസത്തിലെ പാളിച്ചകൾ തിരിച്ചറിഞ്ഞ് അവ തിരുത്താൻ നമുക്ക് അവസരം ലഭിക്കുന്നു.

പ്രലോഭനങ്ങൾ ദൈവത്തിൽ നിന്നാണോ?

പ്രഥമദൃഷ്ടിയിൽ പരീക്ഷണങ്ങളും പ്രലോഭനങ്ങളും ഒന്നാണെന്നു തോന്നുമെങ്കിലും അവ തമ്മിൽ സാരമായ വ്യത്യാസങ്ങളുണ്ട്. പരീക്ഷണങ്ങൾ നമ്മിലെ വിശ്വാസത്തെ ബലപ്പെടുത്തി നമ്മെ വിശുദ്ധിയിലേക്ക് നയിക്കുന്പോൾ, പ്രലോഭനങ്ങൾ നമ്മെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നു. യാക്കോബ് ശ്ലീഹായുടെ ലേഖനത്തിൽ പറയുന്നു, "പരീക്ഷിക്കപ്പെടുന്പോൾ, താൻ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാൽ, ദൈവം തിന്മയാൽ പരീക്ഷിക്കപ്പെടുന്നില്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല" (യാക്കോബ് 1:13). ഇവിടെ അപ്പസ്തോലൻ വിവക്ഷിക്കുന്ന പരീക്ഷണം തിന്മയാലുള്ള പരീക്ഷണമാണ് - അഥവാ, പ്രലോഭനമാണ്‌. ദൈവത്തിൽ തിന്മ ഇല്ലാത്തതിനാൽ, വേണമെന്നു വച്ചാൽപോലും ദൈവത്തിനു ആരെയും പ്രലോഭിപ്പിക്കുവാൻ സാധിക്കുകയില്ല. മാത്രവുമല്ല, ഞാനാദ്യമേ പറഞ്ഞു, ദൈവം പരീക്ഷണങ്ങൾ അനുവദിക്കുകയാണ് ചെയ്യുന്നത്. ജോബിന്റെ കാര്യത്തിലും, യേശുവിന്റെ കാര്യത്തിലും (മത്തായി 4 - മരുഭൂമിയിലെ പരീക്ഷ)  എല്ലാം പിശാചിന്റെ പരീക്ഷണം അനുവദിക്കുന്ന ദൈവത്തെ നമുക്ക് കാണാൻ സാധിക്കും. ഇവിടെയും പിശാചിന്റെ പരീക്ഷണങ്ങളെ പ്രലോഭനങ്ങൾ ആക്കി മാറ്റുന്നത് നമ്മിലെ പാപാവസ്ഥകളാണ്. ജോബിനെയും യേശുവിനെയും പോലെ കൃപാവരാവസ്ഥയിലാണ് നാമെങ്കിൽ, പരീക്ഷിക്കപ്പെടുന്പോൾ അവയിലൂടെ നമ്മുടെ ബലഹീനതകൾ തിരിച്ചറിഞ്ഞ്, ദൈവത്തിൽ കൂടുതൽ ആശ്രയിക്കാൻ നമുക്കാവും. എന്നാൽ, അഹങ്കാരവും ദുർബലമായ വിശ്വാസവുമാണ് നമ്മെ ഭരിക്കുന്നതെങ്കിൽ, പരീക്ഷണങ്ങളിൽ നാം നമ്മുടെ സ്വന്തം കഴിവിൽ കൂടുതൽ ആശ്രയിക്കുകയും, അതുമൂലം കൂടുതൽ ഗുരുതരമായ പാപങ്ങൾ നിപതിക്കുകയും ചെയ്യും. 

ദൈവം വിവിധ രീതിയിൽ നമ്മെ പരീക്ഷിക്കുമെങ്കിലും, അവയിലൂടെ നാം നശിച്ചുപോകണം എന്ന് ദൈവം ആഗ്രഹിക്കുന്നില്ല. എല്ലാ പരീക്ഷണങ്ങളും നമ്മുടെ വിശുദ്ധീകാരണത്തെ ലക്ഷമാക്കി ഉള്ളതാണ്. എല്ലാവിധ പരീക്ഷണങ്ങളെയും അതിജീവിക്കാൻ ആവശ്യമായ കൃപ ദൈവം നമുക്കെല്ലാം ധാരാളമായി നൽകുന്നുണ്ട്. എതിർത്തു തോല്പിക്കാൻ സാധിക്കില്ലാത്ത ഒരു പരീക്ഷണവും ദൈവം അനുവദിക്കുകയുമില്ല. പരീക്ഷണങ്ങൾ ഉണ്ടാകുന്പോൾ നമ്മുടെ നിസ്സഹായത തിരിച്ചറിഞ്ഞ് ദൈവത്തിന്റെ ശക്തിയിൽ ശരണം പ്രാപിക്കുക. പ്രലോഭനങ്ങളിൽ അകപ്പെട്ടു പാപം ചെയ്തുപോയാൽ, നമ്മുടെ ദൌർബല്യങ്ങൾ അംഗീകരിച്ച് ദൈവസന്നിധിയിൽ എളിമപ്പെടാനുള്ള അവസരമായി അതിനെ കാണുക. എത്ര തിന്മയായതിൽനിന്നും നന്മ സൃഷ്ടിക്കാനുള്ള ദൈവത്തിന്റെ കഴിവ് നമുക്ക് ഏറ്റവും അധികം വെളിപ്പെട്ടു കിട്ടുന്നത് പരീക്ഷണഘട്ടങ്ങളിലാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്