കർത്താവിന്റെ കരത്തിന്റെ കീഴിൽ

"എലിസബത്തിനു പ്രസവസമയമായി; അവൾ ഒരു പുത്രനെ പ്രസവിച്ചു. കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നുകേട്ട അയൽകാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു. എട്ടാംദിവസം അവർ ശിശുവിന്റെ പരിച്ഛേദനത്തിന് വന്നു. പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവന് പേരുനല്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം. അവർ അവളോട്‌ പറഞ്ഞു: നിന്റെ ബന്ധുക്കളിലാർക്കും ഈ പേരില്ലല്ലോ. ശിശുവിന് എന്ത് പേരുനല്കാനാണ് ആഗ്രഹിക്കുന്നത് എന്ന് അവന്റെ പിതാവിനോട് അവർ ആംഗ്യം കാണിച്ചു ചോദിച്ചു. അവൻ ഒരു എഴുത്തുപലക വരുത്തി അതിൽ എഴുതി: യോഹന്നാൻ എന്നാണ് അവന്റെ പേര്. എല്ലാവരും അത്ഭുതപ്പെട്ടു. തൽക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു, നാവ് സ്വതന്ത്രമായി. അവൻ ദൈവത്തെ വാഴ്ത്തിക്കൊണ്ടു സംസാരിക്കാൻ തുടങ്ങി. അയൽക്കാർക്കെല്ലാം ഭയമുണ്ടായി: യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികൾ സംസാരവിഷയമാവുകയും ചെയ്തു. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കർത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു" (ലൂക്കാ 1:57-66)



വിചിന്തനം 

പാപം ചെയ്ത് ദൈവത്തിൽനിന്നും അകന്നുപോയ മനുഷ്യന്റെ ചരിത്രത്തോളംതന്നെ പഴക്കമുണ്ട് രക്ഷകനായുള്ള കാത്തിരിപ്പിനും. സ്നാപകയോഹന്നാന്റെ ജനനം ആ രക്ഷകന്റെ ആഗമനത്തിലെ ഒരു നിർണ്ണായക സംഭവമാണ്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഒട്ടനവധി പ്രവാചകന്മാർ അന്ധകാരത്തെ കീറിമുറിക്കുന്ന രക്ഷകനെന്ന പ്രകാശത്തെ അവരുടെ ആത്മീയനേത്രങ്ങൾ കൊണ്ട് കണ്ടപ്പോൾ, അമ്മയുടെ ഉദരത്തിൽ ആയിരിക്കുന്പോൾതന്നെ ആ രക്ഷകന്റെ ദിവ്യസാമീപ്യം അനുഭവിക്കാനുള്ള ഭാഗ്യം സ്നാപകനു ലഭിച്ചു. രക്ഷകനായി വഴിയൊരുക്കികൊണ്ട് ഒരു താപസനെപ്പോലെ ജീവിച്ച സ്നാപകയോഹന്നാൻ, അതേ രക്ഷകന്റെ വരവിനായി ഒരുങ്ങുന്ന ഓരോ വ്യക്തിയും അനുകരിക്കേണ്ടുന്ന ഒരു ജീവിത ശൈലിയും നമുക്ക് മുന്പാകെ വയ്ക്കുന്നുണ്ട്‌. "ഈ ശിശു ആരായിത്തീരും" എന്ന അയൽക്കാരുടെ അതിശയം കലർന്ന സംസാരത്തിൽ വലിയൊരു അപകടം പതിയിരുപ്പുണ്ട്! നമ്മുടെ പ്രവൃത്തികൾ കണ്ടിട്ട് 'ഈ വ്യക്തി ആരായിത്തീരും' എന്ന് അത്ഭുതപ്പെടുന്ന നമ്മുടെ ചുറ്റുമുള്ളവരുടെ വാക്കുകളിലും ആ അപകടം തന്നെയാണുള്ളത്. മറ്റുള്ളവരുടെ പ്രതീക്ഷകൾക്ക് അനുസൃതമായി നമ്മുടെ ജീവിതം കെട്ടിപ്പടുത്താൻ ശ്രമിക്കുന്പോൾ ദൈവം നമ്മിൽനിന്നും എന്താഗ്രഹിക്കുന്നു എന്നു തിരിച്ചറിയാൻ പലപ്പോഴും നമുക്ക് കഴിയാതെ പോകുന്നു. അതിന്റെ ഫലമായി, ദൈവം നമുക്ക് നൽകിയിരിക്കുന്ന കഴിവുകളുപയോഗിച്ചു ആഡംബരത്തിനും അനാവശ്യമായ സുഖങ്ങൾക്കും ആവശ്യത്തിലധികം സന്പത്തിനും പേരിനുമാത്രം ഉതകുന്ന പ്രശസ്തിക്കും പിന്നാലെ നമ്മൾ നെട്ടോട്ടമോടുന്നു. 

എന്നാൽ സ്നാപകയോഹന്നാന്റെ ജീവിതം, ദൈവം തന്നിരിക്കുന്ന കഴിവുകൾ പ്രയോജനപ്പെടുത്തി മറ്റൊരുവിധത്തിൽ ജീവിക്കാൻ നമ്മെ പഠിപ്പിക്കുന്നു - ക്രിസ്തീയമായ ദാരിദ്ര്യത്തിന്റെ നല്ലൊരു മാതൃകയാണ് സ്നാപകന്റെ ജീവിതം. ദാരിദ്ര്യം എന്നു കേൾക്കുന്പോൾ പെട്ടെന്ന് നമ്മുടെ മനസ്സിലേക്കെത്തുന്ന ചില ചിത്രങ്ങളുണ്ട്. എന്നാൽ, ആഹാരവും ഭക്ഷണവും വസ്ത്രവും തുടങ്ങിയുള്ള അവശ്യവസ്തുക്കൾ ആവശ്യത്തിനും ആത്യാവശ്യത്തിനും ഇല്ലാത്ത ദുരവസ്ഥ അല്ല ക്രിസ്തീയമായ ദാരിദ്ര്യം. ലൌകീകതയിൽ മതിമയങ്ങി ഭൌതീകനേട്ടങ്ങളിൽ അഹങ്കരിക്കാൻ ഹൃദയത്തെ വിട്ടുകൊടുക്കാതെ, ദൈവത്തിന്റെ കരുണയാണ് തന്റെ എല്ലാ നേട്ടങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്ന അദൃശ്യകരം എന്ന തിരിച്ചറിവോടെ, എല്ലാ കാര്യങ്ങളിലും ദൈവത്തെ ആശ്രയിക്കാനും, എല്ലാ പ്രവർത്തികളിലും ദൈവഹിതം തേടുവാനും, തനിക്കുള്ളതുകൊണ്ട് മറ്റുള്ളവരുടെ നന്മകൂടി ആഗ്രഹിക്കുവാനും കഴിയുന്നതാണ് ക്രിസ്തീയ ദാരിദ്ര്യം. ഈ ദാരിദ്ര്യം നമ്മുടെ ഭൌതീകസന്പത്തിന്റെ കണക്ക് എടുക്കുന്നില്ല - ജീവിതാവസ്ഥയിൽ അല്ല, ആത്മാവിന്റെ സമീപനങ്ങളിൽ അധിഷ്ഠിതമാണ് അത്. എത്രമാത്രം സന്പന്നനായ വ്യക്തിക്കും ക്രിസ്തീയ ദാരിദ്ര്യത്തിൽ ജീവിക്കാൻ സാധിക്കും; അതുപോലെതന്നെ, കൊടിയ ദാരിദ്ര്യത്തിൽ ജീവിക്കുന്ന വ്യക്തികളിൽ ക്രിസ്തീയ ദാരിദ്ര്യം ഉണ്ടാകണമെന്ന് നിർബന്ധവുമില്ല.

ലോകസന്പത്ത് മനുഷ്യന്റെ മുൻപിൽ രണ്ടു വഴികൾ തുറക്കുന്നുണ്ട് - തനിക്കുള്ളതെല്ലാം ഉപയോഗിച്ച് നമുക്ക് ദൈവത്തെ തേടാനാകും; അല്ലെങ്കിൽ, അവ ഉപയോഗിച്ച് നമ്മുടെ തൃഷ്ണകളെ പ്രീതിപ്പെടുത്താനുള്ള വിഫലശ്രമം നടത്താനും നമുക്കാവും. എന്നാൽ, ഒരേസമയം രണ്ടും ചെയ്യുക അസാധ്യമാണ്, കാരണം "രണ്ടു യജമാനന്മാരെ സേവിക്കാൻ ആർക്കും സാധിക്കുകയില്ല" (മത്തായി 6:24). സന്പത്തിനോടുള്ള അമിതമായ ഭ്രമം നമ്മുടെ ഹൃദയത്തിൽ നിന്നും ദൈവത്തെ പുറന്തള്ളുന്നു. ക്രിസ്തീയ ദാരിദ്ര്യം ഹൃദയത്തിൽ സ്വീകരിച്ചിരിക്കുന്ന ഒരു വ്യക്തി, തന്റെ സന്പത്തുപയോഗിച്ചു പുറംമോടികളുടെയും പൊങ്ങച്ചത്തിന്റെയും ജീവിതശൈലി പിന്തുടരുകയില്ല എന്നുമാത്രമല്ല, ഇല്ലാത്തവരുടെ കുറവുകൾ പരിഹരിക്കാൻ തനിക്കുള്ളത് ഉപയോഗിക്കുകയും ചെയ്യും. 

വ്യക്തി ജീവിതത്തിലെ അനാവശ്യ ചിലവുകൾ ഒഴിവാക്കിയും, ആർഭാടരഹിതമായ ഒരു സാമൂഹിക ജീവിതത്തിലൂടെയും, ബാലിശമായ ആഗ്രഹങ്ങളെ ചെറുത്തുനിന്നും, അനാവശ്യങ്ങളെ അത്യാവശ്യങ്ങളായി തെറ്റിദ്ധരിപ്പിക്കുന്ന നമ്മുടെ മനസ്സിന്റെ അവസ്ഥയെ ചെറുത്തുനിന്നും, ക്രിസ്തുവിന്റെ ദാരിദ്ര്യം ജീവിതത്തിൽ പകർത്താൻ നമുക്കും കഴിയണം. അപ്പോൾ, ഏതു സാഹചര്യത്തിലും സംതൃപ്തിയോടെ കഴിയാൻ നമുക്കാവും. "താഴ്ന്നനിലയിൽ ജീവിക്കാൻ എനിക്കറിയാം; സമൃദ്ധിയിൽ ജീവിക്കാനും ഏതു സാഹചര്യത്തിലും കഴിയാനും എനിക്കു പരിശീലനം ലഭിച്ചിട്ടുണ്ട് - അതേ, സുഭിക്ഷത്തിലും ദുർഭിക്ഷത്തിലും സമൃദ്ധിയിലും ദാരിദ്ര്യത്തിലുമെല്ലാം. എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും" (ഫിലിപ്പി 4:12,13). നമുക്കുള്ളവയ്ക്ക് മനസ്സ് അടിയറ വയ്ക്കാതെ, നമുക്ക് കിട്ടാതെ പോയവയെപ്പറ്റി പരാതി പറയാതെ, നമുക്ക് ലഭിക്കാനുള്ളവയെപ്പറ്റി ആകുലപ്പെടാതെ, തന്റെ ഏകജാതനെ നമുക്കായി നൽകിയ കരുണാമയനായ ദൈവത്തിന്റെ സന്നിധിയിലേക്ക് കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്ക് ചെന്നെത്താം. അതിനായി, സ്നാപകയോഹന്നാൻ ഒരുക്കിയിട്ടിരിക്കുന്ന പാതയിലൂടെ സഞ്ചരിക്കുന്നവരായി നമുക്ക് മാറാം. 

ഈശോയേ, പാപത്തിലും നിരാശയിലും വേദനകളിലും പൂണ്ടുകിടന്നിരുന്ന ലോകത്തിന് പ്രത്യാശയും നിത്യരക്ഷയും പ്രദാനം ചെയ്യാനാണല്ലോ അങ്ങ് ലോകത്തിലേക്ക് വന്നത്. അങ്ങെന്നിൽ ചൊരിഞ്ഞിരിക്കുന്ന കൃപകളുപയോഗിച്ച്‌ അങ്ങയുടെ നാമം മഹത്വപ്പെടുത്തി, മറ്റുള്ളവരെ അങ്ങയിലേക്ക് എത്തിക്കുന്ന ഒരു ചൂണ്ടുപലകയാകാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.

കത്തോലിക്കാ മതവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു മലയാളം ബ്ലോഗ്‌
http://www.facebook.com/BibleChinthakal

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!