ദൂഷണം പറയുന്ന മനുഷ്യമക്കൾ

"ജറുസലേമിൽനിന്നുവന്ന നിയമജ്ഞർ പറഞ്ഞു: അവനെ ബേൽസെബൂൽ ആവേശിച്ചിരിക്കുന്നു. പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവൻ പിശാചുക്കളെ പുറത്താക്കുന്നത്. അവൻ അവരെ അടുത്തു വിളിച്ച്, ഉപമകൾ വഴി അവരോടു പറഞ്ഞു: സാത്താന് എങ്ങിനെയാണ് സാത്താനെ പുറത്താക്കാൻ കഴിയുക? അന്തച്ചിദ്രമുള്ള രാജ്യം നിലനിൽക്കുകയില്ല. അന്തച്ചിദ്രമുള്ള ഭവനവും നിലനിൽക്കുകയില്ല. സാത്താൻ തനിക്കുതന്നെ എതിരായി തലയുയർത്തുകയും ഭിന്നിക്കുകയും ചെയ്‌താൽ അവനു നിലനിൽക്കുക സാധ്യമല്ല. അത് അവന്റെ അവസാനമായിരിക്കും. ശക്തനായ ഒരുവന്റെ ഭവനത്തിൽ പ്രവേശിച്ച് വസ്തുക്കൾ കവർച്ച ചെയ്യണമെങ്കിൽ ആദ്യമേ അവനെ ബന്ധിക്കണം. അതിനുശേഷമേ കവർച്ച നടത്താൻ കഴിയൂ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവർ പറയുന്ന  ദൂഷണങ്ങളും ക്ഷമിക്കപ്പെടും. എന്നാൽ, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരു കാലത്തും പാപത്തിൽനിന്നു മോചനമില്ല. അവൻ നിത്യപാപത്തിനു ഉത്തരവാദിയാകും. അവൻ ഇങ്ങനെ പറഞ്ഞത്, തനിക്ക് ആശുദ്ധാത്മാവുണ്ട് എന്ന് അവർ പറഞ്ഞതിനാലാണ്." (മർക്കോസ് 3:22-30)

വിചിന്തനം
ഹൃദയലാളിത്യത്തോടെ യേശുവിന്റെ പ്രബോധനങ്ങൾ കേൾക്കുകയും അത്ഭുതങ്ങൾ ദർശിക്കുകയും ചെയ്തവർ വിസ്മയഭരിതരായി മനുഷ്യരുടെ ഇടയിൽ വലിയ കാര്യങ്ങൾ ചെയ്യുന്ന ദൈവത്തെ സ്തുതിക്കുന്നത് നിരവധിത്തവണ സുവിശേഷകർ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണ്. എന്നാൽ ഇന്നത്തെ വചനഭാഗത്തിൽ നമ്മൾ കാണുന്നത്, യേശു ചെയ്ത അത്ഭുതപ്രവർത്തികൾ കണ്ട് അവിടുത്തെ ദൈവീകത്വം തിരിച്ചറിയുകയോ ദൈവത്തെ മഹത്വപ്പെടുത്തുകയോ ചെയ്യുന്നതിനു പകരം, അവിടുത്തെ പ്രവൃത്തികളിൽ കുറ്റം ആരോപിച്ച് ദൈവദൂഷണം പറയുന്നവരെയാണ്. ഒരു വ്യക്തിയേയോ പ്രവൃത്തിയെയോ സമയമെടുത്ത്‌ വിവേചിച്ചറിയാൻ ശ്രമിക്കുന്നതിനു പകരം, അവയെ  ചില മുൻവിധികളുപയോഗിച്ച് അപകീർത്തിപ്പെടുത്തുന്നത് എല്ലാക്കാലത്തുമുള്ള മനുഷ്യർ ചെയ്തുപോരുന്ന ഒരു തിന്മയാണ്. മറ്റുള്ളവരിലെ ദൈവസാന്നിദ്ധ്യം തിരിച്ചറിയാൻ സാധിക്കാത്തതിന്റെയും, പൊള്ളയായ നമ്മുടെ മനസ്സിന്റെയും പ്രത്യക്ഷ്യരൂപമാണ് മറ്റുള്ളവരെക്കുറിച്ച് നമ്മൾ പറയുന്ന അപഖ്യാതികളും ദോഷാരോപണവും ഏഷണിയും. അതുകൊണ്ടുതന്നെ, ദൈവത്തോടും മനുഷ്യനോടുമുള്ള സ്നേഹത്തിനു വിപരീതവും, സത്യത്തിനും നീതിക്കും നിരക്കാത്തതുമായ ദുഷിവാക്കുകളെ തങ്ങളുടെ അധരങ്ങളിൽനിന്നും അകറ്റി നിർത്താൻ ഓരോ ക്രിസ്തുശിഷ്യനും പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്.

തങ്ങളുടെതന്നെ ചില അസാധാരണ പ്രവർത്തികൾകൊണ്ട് ഈ അവകാശം വേണ്ടെന്നു തീരുമാനിക്കുന്ന ഏതാനും ചിലരൊഴിച്ചാൽ മറ്റെല്ലാവർക്കും, സൽപേരും ആദരവും ബഹുമാനവും മാന്യതയും എല്ലാം അടിസ്ഥാന അവകാശമാണ്. "സത്കീർത്തി വലിയ സന്പത്തിനേക്കാൾ അഭികാമ്യമാണ്" (സുഭാഷിതങ്ങൾ 22:1). കാരണം, സൽപേരിനൊപ്പം മനുഷ്യൻ തനിക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയും നന്മ ചെയ്യാനുള്ള അവസരവും, അതുവഴി ലഭിക്കേണ്ടുന്ന സൌഭാഗ്യങ്ങളും നഷ്ടമാക്കുന്നു. നമ്മുടെ സമൂഹത്തിൽ, ഒരു വ്യക്തിയുടെ സൽപ്പേര് നഷ്ടപ്പെടുത്തുന്ന പ്രധാന ഘടകം ആ വ്യക്തിയുടെ കുറ്റങ്ങളോ കുറവുകളോ അല്ല, ആ വ്യക്തിയോടുള്ള മറ്റുള്ളവരുടെ അസൂയയാണ്. നമ്മിലെല്ലാവരിലും കുറവുകളുണ്ട്, എന്നാൽ കുറവുകളുടെ ഒരു ആകെത്തുകയല്ല മനുഷ്യജീവിതം. ഒട്ടേറെ കുറവുകളുള്ള വ്യക്തികളിലും അതിലേറെ നന്മകളുമുണ്ട്. എങ്കിലും, ഏറെയുള്ള നന്മകളെ ശ്രദ്ധിക്കാതെ, അല്പംമാത്രമുള്ള കുറവുകളെ അടിസ്ഥാനപ്പെടുത്തി ഒരു വ്യക്തിയുടെ സ്വഭാവത്തെ വിശേഷിപ്പിക്കാനും പ്രവർത്തികളെ വിലയിരുത്താനുമാണ് നമുക്കിഷ്ടം. മനസ്സിൽ വരുന്ന ചിന്തകളും വിചാരങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ വിളിച്ചു പറയുന്നത് നിയന്ത്രിച്ച്‌, ആവശ്യമുള്ള കാര്യങ്ങൾ ആവശ്യമുള്ള സമയത്തുമാത്രം പറയാൻ നമ്മെ സഹായിക്കുന്നത് ദൈവത്തിന്റെ കൃപ ഒന്നുമാത്രമാണ്. നമ്മുടെ ഹൃദയത്തിലെ അസൂയയെയും ഇടുങ്ങിയ ചിന്താഗതികളെയും തെറ്റിദ്ധാരണകളെയും തിരിച്ചറിഞ്ഞ് അവയെ ഉപേക്ഷിക്കാനുള്ള തീരുമാനം എടുക്കുന്പോൾ, പരിശുദ്ധാത്മാവിലൂടെ ദൈവം ചൊരിയുന്ന ദൈവസ്നേഹത്താൽ നമ്മുടെ ഹൃദയം നിറയാൻ തുടങ്ങും. ഹൃദയത്തിന്റെ ഈ നിറവിൽ നിന്നുമായിരിക്കണം നമ്മുടെ അധരം സംസാരിക്കേണ്ടത്. 

നമ്മുടെ കപടഭാഷണവും അതിഭാഷണവുംപോലെ തന്നെ ഒരു വ്യക്തിയുടെ സൽപ്പേര് നഷ്ടപ്പെടുത്താൻ സഹായിക്കുന്ന മറ്റൊരു പ്രവൃത്തിയാണ്‌ അനവസരത്തിലുള്ള നമ്മുടെ മൌനം. നമ്മുടെ കുടുംബത്തിലും ജോലിസ്ഥലത്തും സുഹൃദ് വലയത്തിലും, ഒരാൾ അവിടെ സന്നിഹിതനല്ലാത്ത മറ്റൊരാളെക്കുറിച്ച് തെറ്റായ വസ്തുതകൾ പങ്കുവയ്ക്കുന്പോൾ, അത് തെറ്റാണെന്ന് അറിഞ്ഞിട്ടും, ആ കൂട്ടായ്മയിൽ നിലനിൽക്കുന്നതിനായി പലപ്പോഴും നമ്മൾ മൌനം പാലിക്കാറുണ്ട്. വെറുമൊരു കേൾവിക്കാരനായി ആ കൂട്ടത്തിൽ ഇരിക്കുന്ന നമ്മൾ ഒരേസമയം രണ്ടു പാപങ്ങൾ ചെയ്യുന്നു - നമ്മുടെ മൌനം ദുഷ്പ്രചരണം നടത്തുന്ന വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിരപരാധിയായ ഒരാളുടെ സൽപേര് നശിച്ചുപോകാനും കാരണമാകുന്നു. സത്യത്തെ സ്നേഹിക്കുന്നതിനൊപ്പംതന്നെ, എന്തുവില കൊടുത്തും സത്യത്തെ സംരക്ഷിക്കാനും അതിനെ മറ്റുള്ളവരിലേക്ക് എത്തിക്കാനും മനുഷ്യരൂപംധരിച്ച സത്യത്തിന്റെ അനുയായികൾക്ക് ബാധ്യതയുണ്ട്.

"നല്ലത് പറയാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ഒന്നും പറയരുത്" എന്ന് വിശുദ്ധ ഹൊസെമരിയ എസ്ക്രിവ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. വളരെ ലളിതമായ ഈ ഉപദേശം നമ്മുടെ ജീവിതത്തിൽ പാലിക്കാൻ നമുക്കാവുന്നുണ്ടോയെന്നു നമുക്കൊന്നു ചിന്തിച്ചുനോക്കാം. മറ്റുള്ളവരുടെ തെറ്റുകളെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും സംസാരിക്കാനാണോ നമുക്ക് കൂടുതൽ താൽപര്യം, അതോ, അവരുടെ നന്മകളെക്കുറിച്ചും വിജയങ്ങളെക്കുറിച്ചുമോ? നമ്മുടെ കുറവുകൾ മൂടിവയ്ക്കുന്നതിനായി  മറ്റുള്ളവരുടെ തെറ്റുകൾ തേടിപ്പിടിക്കുന്നവരാണോ നമ്മൾ? "മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവർ പറയുന്ന ദൂഷണങ്ങളും ക്ഷമിക്കപ്പെടും" എന്നാണ് ഈശോ ഇന്ന് വചനത്തിലൂടെ നമുക്ക് നല്കുന്ന വാഗ്ദാനം. എങ്കിൽ, സ്നേഹത്തിനും സത്യത്തിനും നീതിക്കും വിലനൽകാതെ നമ്മൾ സംസാരിച്ചിട്ടുള്ള എല്ലാ കാര്യങ്ങളെയുംപ്രതി നമുക്ക് ദൈവത്തോട് മാപ്പപേക്ഷിക്കാം. നമ്മുടെ വാക്കുകൾമൂലം മുറിവേറ്റവർക്കായി പ്രാർത്ഥിക്കാം. നമ്മെക്കൊണ്ട് സാധിക്കുന്ന തെറ്റിദ്ധാരണകൾ തിരുത്താൻ ശ്രമിക്കാം. 

വരദാനഫലങ്ങളാൽ എന്നെ നിറയ്ക്കുന്ന പരിശുദ്ധാത്മാവേ, ഹൃദയകാഠിന്യമകറ്റി എന്റെ ജീവിതത്തെ സ്നേഹത്താൽ നിറയ്ക്കണമേ. മറ്റുള്ളവരിലെ തെറ്റുകൾമാത്രം കാണുകയും അവരുടെ പ്രവർത്തികളെ സദാ വിമർശിക്കുകയും ചെയ്യുന്ന എന്നിലെ പ്രകൃതിയെ എടുത്തുമാറ്റി, നന്മയായതു ചിന്തിക്കാനും കാണാനും സംസാരിക്കാനും എന്നെ സഹായിക്കണമേ. ആമ്മേൻ.

Related article - പരിശുദ്ധാത്മാവിനെ നിന്ദിക്കരുത് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!