ധനവാനായ ലാസർ - മൂന്നാം ഭാഗം

"അപ്പോൾ അവൻ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ പിതൃഭവനത്തിലേക്ക്‌ അയക്കണമേ എന്ന് ഞാൻ അപക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്ത് വരാതിരിക്കേണ്ടതിന് അവൻ അവർക്ക് സാക്ഷ്യം നൽകട്ടെ. അബ്രാഹം പറഞ്ഞു: അവർക്ക് മോശയും പ്രവാചകന്മാരും ഉണ്ടല്ലോ. അവരുടെ വാക്ക് കേൾക്കട്ടെ. ധനവാൻ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല. മരിച്ചവരിൽ ഒരുവൻ ചെന്നുപറഞ്ഞാൽ അവർ അനുതപിക്കും. അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകന്മാരും പറയുന്നത് അവർ കേൾക്കുന്നില്ലെങ്കിൽ മരിച്ചവരിൽനിന്ന് ഒരുവൻ ഉയിർത്താലും അവർക്കു ബോധ്യമാവുകയില്ല." (ലൂക്കാ 17:27-31)


വിചിന്തനം 
 ധനവാന്റെയും ലാസറിന്റെയും ഉപമയുടെ ആദ്യഭാഗത്തിലൂടെ സുഖദുഖങ്ങൾ തമ്മിലുള്ള വൈപരീത്യവും, രണ്ടാം ഭാഗത്തിലൂടെ സ്വർഗ്ഗവും നരകവും തമ്മിലുള്ള അന്തരവും നമ്മൾ കണ്ടു. ഈ ഉപമയുടെ അവസാന ഭാഗത്തിലൂടെ നമ്മൾ ചിന്തിക്കുന്നത്, ധനവാനായ ആ വ്യക്തിയെ നരകത്തിൽ എത്തിച്ച പാപത്തെക്കുറിച്ചാണ്. അയാളുടെ പാപത്തെപ്പറ്റി സുവിശേഷകൻ എടുത്തൊന്നും പറയുന്നില്ല. നമ്മൾ കാണുന്ന ധനവാൻ സ്വന്തം സന്പത്തു കൊണ്ട് സുഖമായി ജീവിക്കുന്ന വ്യക്തിയാണ്. അയാൾ ആരിൽ നിന്നെങ്കിലും പിടിച്ചുപറിച്ചതായോ അയാളുടെ സന്പത്ത് ഉപയോഗിച്ച് ആരെയെങ്കിലും പീഡിപ്പിച്ചതായോ നാമെവിടെയും കാണുന്നില്ല. എങ്കിൽ, എന്താണ് ധനവാന്റെ പാപം? 

നിസ്സംഗതയാണ് ധനവാന്റെ പാപങ്ങളിൽ ആദ്യത്തേത്. അയാൾ ആരെയും ഉപദ്രവിക്കുന്നില്ല. പക്ഷേ, കഴിവുണ്ടായിട്ടും ആരെയും സഹായിക്കുന്നുമില്ല. തന്റെ സന്പത്ത് തനിക്കുള്ളത് മാത്രമാണെന്ന് അഹങ്കരിച്ച അയാൾ, ആ സന്പത്ത് അയാൾക്ക്‌ നൽകിയ ദൈവത്തിന്റെ കൽപന മറന്നു. തന്നെപ്പോലെ തന്നെ തന്റെ അയൽക്കാരനെ സ്നേഹിക്കാൻ അയാൾക്കായില്ല. രോഗിയായി, എല്ലാവരാലും ത്യജിക്കപ്പെട്ടു ഭക്ഷണത്തിനായി നായ്ക്കളോട് മല്ലടിച്ചിരുന്ന ലാസറിനെ സഹായിക്കാൻ ആവശ്യമായതെല്ലാം ധനവാനുണ്ടായിരുന്നു. പക്ഷേ, തന്റെ സൌഭാഗ്യങ്ങൾ പങ്കുവയ്ക്കുന്നതിൽനിന്നും അയാളുടെ സ്വാർത്ഥത അയാളെ തടഞ്ഞു. അതിന്റെ ഫലമായി അയാൾ ദൈവവുമായുള്ള സഹവാസത്തിൽനിന്നും എന്നേക്കുമായി അകറ്റപ്പെട്ടു. ജീവിച്ചിരിക്കുന്പോൾ ദൈവത്തെ തേടുവാനോ, ദൈവകൽപനകൾ പാലിക്കുക വഴി അവിടുത്തെ സ്നേഹിക്കുവാനോ കഴിയാത്തവർക്ക് മരണശേഷവും അങ്ങിനെതന്നെ തുടരുവാൻ ദൈവം തരുന്ന അനുവാദമാണ് നരകവാസം. നരകത്തിന്റെ തീച്ചൂളയിൽ ഉരുകുന്പോഴും ധനവാന് ലാസറിനെ സമനായി കാണാൻ കഴിയുന്നില്ല. അബ്രാഹത്തിന്റെ മടിയിൽ ആനന്ദമനുഭവിക്കുന്ന ലാസറിനെ ഉപയോഗിക്കാനാണ് അയാൾ പിന്നെയും വെന്പൽ കൊള്ളുന്നത്‌. ആദ്യം തനിക്കു വെള്ളം കൊണ്ടുവന്നു തരുന്നതിനായും, പിന്നീട് തന്റെ സഹോദരർക്ക് സാക്ഷ്യം നൽകേണ്ടതിനായും ഒക്കെ ലാസറിനെ അയക്കണമെന്നാണ്‌ ധനവാൻ അബ്രാഹത്തോട്‌ അപേക്ഷിക്കുന്നത്. അയാളുടെ കാഴ്ചപ്പാടിൽ ലാസർ അപ്പോഴും അയാളുടെ കീഴിലാണ്, അയാൾക്ക്‌ കടപ്പെട്ടവനാണ്. മനുഷ്യനെ ഉപഭോഗവസ്തുവായി കാണുന്ന അവസ്ഥയിൽനിന്നും ധനവാൻ ഒരു കാലത്തും മോചനം നേടുന്നില്ല. 

മറ്റുള്ളവരോട് ക്രൂരമായി പെരുമാറുന്നതുവഴി മാത്രമല്ല അവരെ നമ്മൾ സ്നേഹിക്കാതിരിക്കുന്നത്. നമുക്കുള്ളത് ഇല്ലാത്തവരുമായി പങ്കുവയ്ക്കാൻ വിസമ്മതിക്കുന്ന ഒരു ധനവാൻ നാമെല്ലാവരിലുമുണ്ട്. ഇല്ലാത്തവരുടെ വേദന കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്പോൾ നമ്മൾ ദൈവത്തിൽ നിന്നുതന്നെയാണ് മുഖം തിരിക്കുന്നത്. നമ്മിലെ നിസ്സംഗത ക്രമേണ സ്വാർത്ഥതയായും, പിന്നീട് അഹങ്കാരമായും മാറുന്നത് പലപ്പോഴും നാം പോലും അറിയാറില്ല. മനുഷ്യരെ സ്നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കുകയും ചെയ്യുന്നതിനും പകരം വസ്തുക്കളെ സ്നേഹിക്കുകയും മനുഷ്യരെ ഉപയോഗിക്കുകയും ചെയ്യുന്ന ധനവാനിലേക്ക് നമ്മിൽനിന്നധികം ദൂരമില്ല എന്ന യാഥാർത്ഥ്യം ഗ്രഹിക്കുവാൻ നമുക്കാവണം. സ്നേഹത്തിന്റെ കല്പനയുമായി ഭൂമിയിലേക്ക്‌ വന്ന രക്ഷകനിലേക്കുള്ള വഴി സ്നേഹമൊന്നുമാത്രമാണ് - എല്ലാറ്റിലുമുപരിയായി ദൈവത്തെ സ്നേഹിക്കുക; തന്നേപ്പോലെതന്നെ മറ്റുള്ളവരെയും സ്നേഹിക്കുക. ആ സ്നേഹത്തിന്റെ വഴിയിലൂടെ നടന്ന് നിത്യസൌഭാഗ്യത്തിന് അർഹാരാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 

സ്വർഗ്ഗീയപിതാവേ, അങ്ങയുടെ സ്നേഹമായ പരിശുദ്ധാത്മാവിനെ അയച്ച് അങ്ങയുടെ പുത്രൻ ഞങ്ങൾക്കു നൽകിയ സ്നേഹത്തിന്റെ കൽപന ഗ്രഹിക്കുവാനും പാലിക്കുവാനും ഞങ്ങളെ സഹായിക്കണമേ. ചൂഷണവും നിസ്സംഗതയും ഉപേക്ഷിച്ച്, സ്നേഹത്താൽ കത്തിജ്വലിക്കുവാനും, ദിവ്യസ്നേഹാഗ്നി മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാനും ഞങ്ങളെ പ്രാപ്തരാക്കണമേ. ആമേൻ. 

ധനവാനായ ലാസർ  - ഒന്നാം ഭാഗം 
ധനവാനായ ലാസർ - രണ്ടാം ഭാഗം 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!