അപ്പോൾ അവനു സുബോധമുണ്ടായി

"അവൻ എല്ലാം ചെലവഴിച്ചുകഴിഞ്ഞപ്പോൾ ആ ദേശത്ത് ഒരു കഠിനക്ഷാമം ഉണ്ടാവുകയും അവൻ ഞെരുക്കത്തിലാവുകയും ചെയ്തു. അവൻ, ആ ദേശത്തെ ഒരു പൌരന്റെ അടുത്ത് അഭയം തേടി. അവൻ അവനെ പന്നികളെ മേയിക്കാൻ വയലിലേക്ക്‌ അയച്ചു. പന്നി തിന്നിരുന്ന തവിടെങ്കിലുംകൊണ്ടു വയറുനിറയ്ക്കാൻ അവൻ ആശിച്ചു. പക്ഷേ, ആരും അവനു കൊടുത്തില്ല. അപ്പോൾ അവനു സുബോധമുണ്ടായി. അവൻ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസൻമാർ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. ഞാനോ ഇവിടെ വിശന്നു മരിക്കുന്നു!  ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാൻ അവനോടു പറയും: പിതാവേ, സ്വർഗ്ഗത്തിനെതിരായും നിന്റെ മുന്പിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്നു വിളിക്കപ്പെടുവാൻ ഞാൻ ഇനി യോഗ്യനല്ല. നിന്റെ ദാസരിൽ ഒരുവനായി എന്നെ സ്വീകരിക്കണമേ." (ലൂക്കാ 15:14-19)

വിചിന്തനം 
(നല്ലൊരു കഥാകാരനായിരുന്നു യേശു എന്ന് അവിടുത്തെ ഉപമകളിൽനിന്നും വ്യക്തമാണ്. ഈശോ പറഞ്ഞിട്ടുള്ള ഉപമകളിൽവച്ച് ഏറ്റവും പ്രശസ്തമായതാണ് ധൂർത്തപുത്രന്റെ അല്ലെങ്കിൽ മുടിയനായ പുത്രന്റെ ഉപമ. പാപികളായ മനുഷ്യരോടുള്ള ദൈവത്തിന്റെ പരിമിതിയില്ലാത്ത സ്നേഹം വിവരിച്ചു പറയുന്ന ഈ ഉപമയെ കേവലം രണ്ടോ മൂന്നോ ഖണ്ഡികയിൽ ഒതുങ്ങുന്ന ചിന്തകളിൽ ഒതുക്കിനിർത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ പല ഭാഗങ്ങളായി വിഭജിക്കുന്നു) ഒന്നാം ഭാഗം   മൂന്നാം ഭാഗം നാലാം ഭാഗം 

ധൂർത്തപുത്രന്റെ ഉപമ - രണ്ടാം ഭാഗം 

ദൈവത്തിന്റെ സ്നേഹത്തിൽനിന്നും ഓടിയകലുന്നവരുടെ പതനമാണ് ധൂർത്തപുത്രന്റെ ഉപമയിലെ ഈയൊരു ഭാഗത്തിലൂടെ ഈശോ വിവരിക്കുന്നത്. പിതാവിന്റെ ധനം തന്റെ സുഖഭോഗങ്ങൾകായി വിനിയോഗിച്ച ഇളയമകൻ വളരെ വൈകി മനസ്സിലാക്കി, പിതാവിൽനിന്നും അകന്നുജീവിക്കുകവഴി താൻ കൂടുതൽ കൂടുതൽ സന്പാദിക്കുകയല്ല ചെയ്തത്, പിതാവ് നല്കിയ ഓഹരി ചിലവഴിക്കുക മാത്രമായിരിന്നുവെന്ന്. സ്വന്തമായി ഒന്നും തന്റെ ഓഹാരിയോടു കൂട്ടിച്ചേർക്കാൻ കഴിയാതെ പോയതുവഴി ക്രമേണ അയാളുടെ സന്പത്തുക്കളെല്ലാം തീർന്നു. മാത്രവുമല്ല, ആ ദേശത്ത് വളരെ കഠിനമായ ഒരു ക്ഷാമം ഉണ്ടാകുകയും ചെയ്തു. ലോകത്തിന്റെ നൈമിഷിക സുഖങ്ങളിൽ മുഴുകി ദൈവത്തിൽനിന്നും അകന്നു ജീവിക്കുന്പോൾ നമ്മുടെ സ്ഥിതിയും പലപ്പോഴും ഇതിൽനിന്നും വിഭിന്നമല്ല. ദൈവത്തിന്റെ കൃപകളുപയോഗിച്ചു നമ്മൾ നേടിയ സന്പാദ്യങ്ങളൊക്കെ നമുക്ക് ഉപകാരപ്പെടാത്ത ഒരവസ്ഥയിലൂടെ നമുക്ക് കടന്നുപോകേണ്ടി വന്നേക്കാം. എത്രയൊക്കെ അധ്വാനിച്ചാലും അതിന്റെ ഫലം സന്തോഷത്തോടെ അനുഭവിക്കാൻ പറ്റാത്ത ഒരവസ്ഥ; എന്തൊക്കെയുണ്ടെങ്കിലും മനസ്സ് ശൂന്യമാണെന്ന ഒരു തോന്നൽ. ആകുലതകളും അരക്ഷിതാവസ്ഥയും നിരാശയും വിട്ടൊഴിഞ്ഞ ഒരു ജീവിതം സ്വപ്നം കാണാൻ പോലും സാധിക്കാത്ത സ്ഥിതി. അതിനിടയ്ക്ക് കഠിനക്ഷാമംപോലെ ജീവിതത്തിലേക്ക് കയറിവരുന്ന അസുഖങ്ങളും അപകടങ്ങളും ദൌർഭാഗ്യങ്ങളും. ശാരീരികവും മാനസികവുമായി നമ്മെ ഞെരുക്കത്തിലാക്കാൻ നമ്മിലെ പാപകരമായ അവസ്ഥകൾക്ക് സാധിക്കും. 

ജീവിതം വഴിമുട്ടിയെന്നു വന്നപ്പോൾ ഇളയ മകൻ ആദ്യം സമീപിച്ചത് മറ്റൊരു മനുഷ്യനെയാണ്‌. അവന്റെ അവസ്ഥകണ്ട് അവനെ സഹായിക്കാനല്ല അയാൾ മുതിർന്നത്, മുതലെടുക്കാനാണ്. ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം ഏറ്റവും നികൃഷ്ടമായ ജീവികളിലോന്നാണ്‌ പന്നി. ആ പൌരന്റെ അടുത്ത് സഹായം തേടിയതുവഴി പന്നികളെക്കാളും ഹീനമായ ഒരവസ്ഥയിലേക്ക് അവൻ തള്ളപ്പെടുകയാണ് ഉണ്ടായത്. ദൈവത്തിൽനിന്നും അകലുന്നതിന്റെ ഫലമായി ദുരിതങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്പോൾ പലപ്പോഴും നാമും ചെയ്യുന്നത് മറ്റു മനുഷ്യരിൽ ശരണം വയ്ക്കുകയാണ്. മനുഷ്യരിലെ സ്വാർത്ഥത പലപ്പോഴും മറ്റുള്ളവരുടെ വേദനയിൽ അവരെ സഹായിക്കുന്നതിലുപരിയായി, അവരുടെ കഷ്ടതകൾ മുതലെടുത്ത്‌ അവരിലൂടെ നേട്ടങ്ങൾ കൊയ്യാനാണ് പ്രചോദനം നൽകാറുള്ളത്. 

പാപകരമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു വ്യക്തി അനുഭവിക്കുന്ന വേദനകളും ബുദ്ധിമുട്ടുകളും ഒക്കെ ദൈവത്തിന്റെ കരുണയുടെ ഒരു ഭാഗമാണ്. ഇവയെല്ലാം അനുവദിച്ചുകൊടുക്കുക വഴി സ്നേഹപിതാവായ ദൈവം ആഗ്രഹിക്കുന്നത് ആ ദുരിതങ്ങളുടെ നടുവിൽ നമുക്ക് സുബോധം ഉണ്ടാകണം എന്നാണ്. കഷ്ടതകളുടെ നടുവിൽ, ദൈവത്തോടൊപ്പം ആയിരുന്ന കാലത്തെ സമൃദ്ധിയും സന്തോഷവും നമ്മൾ ഓർക്കണമെന്നും, അങ്ങിനെ ദൈവത്തിങ്കലേക്ക്‌ തിരിയണമെന്നും ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലേക്ക്‌ തിരിച്ചൊരു യാത്ര ചെയ്യാൻ നമുക്കാദ്യമായി ഉണ്ടാകേണ്ടത് ഞാനൊരു പാപിയാണ് എന്ന ബോധ്യമാണ്, ഞാൻ യാത്ര ചെയ്യുന്ന വഴികൾ തെറ്റാണ് എന്ന തിരിച്ചറിവാണ്. ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ നമുക്കെല്ലാം പാപബോധ്യം നൽകുന്നുണ്ട്. സുബോധമുണ്ടായ ധൂർത്തപുത്രൻ ആദ്യം ചെയ്തത്, ആ ചെളിക്കുഴിയിലിരുന്നു തന്റെ പാപങ്ങളെല്ലാം ക്രമമായി ഓർക്കുകയാണ്. അതുപോലെതന്നെ, അഹങ്കാരവും അത്യാഗ്രഹവും മൂലം ചാരംമൂടി നിർജ്ജീവമായി നമ്മിൽ കുടികൊള്ളുന്ന ദൈവാത്മാവിന്റെ പ്രവർത്തനത്തെ കത്തിജ്വലിപ്പിക്കാൻ നാമാദ്യം ചെയ്യേണ്ടത് ദൈവകല്പനകളുടെ അടിസ്ഥാനത്തിൽ നമ്മുടെ ജീവിതത്തെ പരിശോധിച്ചു നോക്കുകയാണ്.   ദൈവത്തിന്റെ സ്നേഹം ഒന്നിനുമാത്രമേ നമ്മുടെ ഹൃദയത്തെ നിറയ്ക്കാൻ ആവുകയുള്ളൂ, നമ്മുടെ മനസ്സിന് സംതൃപ്തി നല്കാൻ സാധിക്കുകയുള്ളൂ എന്ന സത്യം തിരിച്ചറിഞ്ഞു പാപങ്ങളെക്കുറിച്ചുള്ള ആത്മാർത്ഥമായ പശ്ചാത്താപത്തോടെ ദൈവസന്നിധിയിൽ തിരികെ അണയുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവേ, പാപത്തിന്റെ ചെളിക്കുഴിയിൽനിന്നും എന്നെ കൈപിടിച്ചുയർത്തുന്നത് അവിടുത്തെ സ്നേഹം ഒന്നുമാത്രമാണ്. പാപാന്ധകാരത്തിൽ ഇടറിവീണ എനിക്ക് അങ്ങയുടെ സ്നേഹം വെളിപ്പെടുത്തി തന്ന്, അങ്ങയിലേക്കെന്നെ നയിക്കാൻ എന്റെ പാദങ്ങൾക്ക് വിളക്കും എന്റെ വഴികളിൽ പ്രകാശവുമായി അവിടുത്തെ പരിശുദ്ധാത്മാവിനെ നൽകേണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്