എനിക്കുള്ളതെല്ലാം നിന്റേതാണ്
"അവന്റെ മൂത്തമകൻ വയലിലായിരുന്നു. അവൻ തിരിച്ചുവരുന്പോൾ വീടിനടുത്തുവച്ച് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദം കേട്ടു. അവൻ ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി. വേലക്കാരൻ പറഞ്ഞു: നിന്റെ സഹോദരൻ തിരിച്ചുവന്നിരിക്കുന്നു. അവനെ സസുഖം കിട്ടിയതുകൊണ്ട് നിന്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു. അവൻ കോപിച്ച് അകത്തുകയറാൻ വിസമ്മതിച്ചു. പിതാവ് പുറത്തുവന്ന് അവനോടു സ്വാന്തനങ്ങൾ പറഞ്ഞു. എന്നാൽ അവൻ പിതാവിനോട് പറഞ്ഞു: നോക്കൂ, എത്ര വർഷമായി ഞാൻ നിനക്കു ദാസ്യവേല ചെയ്യുന്നു. ഒരിക്കലും നിന്റെ കല്പന ഞാൻ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്ലാദിക്കാൻ ഒരു ആടിൻകുട്ടിയെപ്പോലും നീ എനിക്കു തന്നില്ല. എന്നാൽ, വേശ്യകളോട് കൂട്ടുചേർന്ന്, നിന്റെ സ്വത്തെല്ലാം ധൂർത്തടിച്ച നിന്റെ മകൻ തിരിച്ചുവന്നപ്പോൾ അവനുവേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു. അപ്പോൾ പിതാവ് പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതാണ്. ഇപ്പോൾ നമ്മൾ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാൽ, നിന്റെ ഈ സഹോദരൻ മൃതനായിരുന്നു; അവനിപ്പോൾ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോൾ കണ്ടുകിട്ടിയിരിക്കുന്നു." (ലൂക്കാ 15:25-32)
വിചിന്തനം
(നല്ലൊരു കഥാകാരനായിരുന്നു യേശു എന്ന് അവിടുത്തെ ഉപമകളിൽനിന്നും വ്യക്തമാണ്. ഈശോ പറഞ്ഞിട്ടുള്ള ഉപമകളിൽവച്ച് ഏറ്റവും പ്രശസ്തമായതാണ് ധൂർത്തപുത്രന്റെ അല്ലെങ്കിൽ മുടിയനായ പുത്രന്റെ ഉപമ. പാപികളായ മനുഷ്യരോടുള്ള ദൈവത്തിന്റെ പരിമിതിയില്ലാത്ത സ്നേഹം വിവരിച്ചു പറയുന്ന ഈ ഉപമയെ കേവലം രണ്ടോ മൂന്നോ ഖണ്ഡികയിൽ ഒതുങ്ങുന്ന ചിന്തകളിൽ ഒതുക്കിനിർത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ പല ഭാഗങ്ങളായി വിഭജിക്കുന്നു) ഒന്നാം ഭാഗം രണ്ടാം ഭാഗം മൂന്നാം ഭാഗം
ധൂർത്തപുത്രന്റെ ഉപമ - നാലാം ഭാഗം പിതാവും മകനും ആയി പരസ്പരം രമ്യപ്പെടുകയും കൊഴുത്ത കാളക്കുട്ടിയെ കൊന്നു വിരുന്നു നടത്തുകയും ചെയ്യുന്നതിലൂടെ ഈ ഉപമ ഈശോ അവസാനിപ്പിക്കുന്നില്ല. വൈകിയാണെങ്കിലും പിതാവിന്റെ മൂത്തമകനെ നമ്മുടെ മുൻപിൽ എത്തിക്കുകവഴി കഥ ആരും പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവിൽ എത്തുകയാണ്. സ്വന്തം ഭവനത്തിലെ സന്തോഷത്തിൽ പങ്കുകൊള്ളാൻ അവനാരുടെയും ക്ഷണം ആവശ്യമില്ല. എങ്കിലും, വയലിൽനിന്നും ജോലികഴിഞ്ഞ് തിരിച്ചുവരുന്ന മൂത്തസഹോദരൻ പിതാവിന്റെ ഭവനത്തിലെ ആഘോഷത്തിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയാണ് ചെയ്യുന്നത്. ഇതറിഞ്ഞ പിതാവ് പുറത്തിറങ്ങിവന്ന് അവനെ സ്വാന്തനിപ്പിക്കാൻ ശ്രമിക്കുകയാണ്. തന്റെ കോപത്തിന്റെ കാരണം പുറത്തുപറയാൻ അവൻ ഒട്ടും അമാന്തിക്കുന്നില്ല, "നോക്കൂ, എത്ര വർഷമായി ഞാൻ നിനക്കു ദാസ്യവേല ചെയ്യുന്നു". സ്വന്തം പിതാവിന്റെ ഭവനത്തിൽ വസിച്ച്, ആ സ്നേഹം ആസ്വദിച്ച്, സ്വന്തം ഓഹരിയായ വയലിൽ ജോലിയെടുക്കാൻ ഭാഗ്യം ലഭിച്ചവനായിരുന്നു മൂത്തമകൻ. എന്നാൽ, ഇടയ്ക്കെപ്പോഴോ അവന്റെ മനസ്സിലെ സ്നേഹം തണുത്തുപോയതുവഴി പിതാവിന്റെ ഭവനവും അവിടുത്തെ ജോലികളുമെല്ലാം അവനൊരു ബാധ്യതയായി മാറി. സ്നേഹത്തിന്റെ സ്ഥാനം യാന്ത്രികത കൈയടക്കിയപ്പോൾ പുത്രസ്ഥാനം ദാസ്യവേലയായി മാറി.

വലിയപാപങ്ങളൊന്നും ചെയ്തു ദൈവത്തിൽനിന്നും അകന്നുപോകാതെ ജീവിക്കുന്ന ഒട്ടേറെപ്പേരുടെ മനസ്സിന്റെ വലിയ ഒരു തേങ്ങലാണ് മൂത്തപുത്രന്റെ ഒരു വാക്യത്തിലൂടെ ഈശോ തുറന്നുകാട്ടുന്നത്. തിരിച്ചുവരുന്ന പാപിക്കായി കൊഴുത്തകാളയെ കാളയെ കൊന്ന് ആഘോഷിക്കുന്ന ദൈവം, അത്രയുംകാലം വിശ്വസ്തനായി കൂടെനിന്ന തനിക്കായി ഒരാട്ടിൻകുട്ടിയെപ്പോലും കൊന്നില്ലല്ലോ എന്ന വിലാപം ഇന്നും നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യം തന്നെയാണ്. ദൈവസ്നേഹത്തിന്റെ ആഴം കാണാതെ, അവിടുത്തെ സന്പന്നതയുടെ ഉയരം ഗ്രഹിക്കാതെ, അവിടുത്തെ കരുണയുടെ നീളം അളക്കാതെ, അവിടുത്തെ മഹത്വത്തിന്റെ വീതി നിർണ്ണയിക്കാനാവാതെ, ദൈവം എന്നെ കരുതുന്നില്ല എന്ന് പരാതി പറയുന്ന ഒരു വ്യക്തിയാണോ നിങ്ങളിന്ന്? ആ പരാതികേട്ട് നെഞ്ചുരുകി ദൈവം ഇന്നും നമ്മോട് പറയുന്നുണ്ട്, "മകനേ, എനിക്കുള്ളതെല്ലാം നിന്റേതാണ്". ദൈവത്തെ സേവിക്കുകയും അവിടുത്തെ സാമീപ്യം അനുഭവിച്ചറിയുകയും ചെയ്യുക എന്നതാണ് ഒരു വ്യക്തിക്ക് പങ്കെടുക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ആഘോഷം. അതിലും വലിയ ബഹുമതി മറ്റൊന്നില്ല. തന്റെ മുതലെല്ലാം നശിപ്പിച്ച്, തന്നെ ധിക്കരിച്ചു നാണം കെടുത്തിയ മകനോട് ഇത്രയധികം സ്നേഹം കാട്ടിയ ദൈവം, എക്കാലവും തന്നോടൊപ്പം വസിച്ച് തനിക്കുവേണ്ടി അധ്വാനിച്ച മകനെ എത്രയോ അധികമായി സ്നേഹിക്കും.
ദൈവസ്നേഹത്തിന്റെ ചൂടറിഞ്ഞ് പാപങ്ങൾ വിട്ടുപേക്ഷിച്ച്, അവിടുത്തോടൊപ്പം കുറേക്കാലം കഴിയുന്ന പല ധൂർത്തപുത്രരും ക്രമേണ ഒരു മൂത്തസഹോദരന്റെ മനോഭാവം സ്വീകരിക്കാറുണ്ട്. ഞാനും ഒരു പാപിയായിരുന്നു എന്നും ദൈവത്തിന്റെ കരുണ ഒന്നുമാത്രമാണ് തന്നെ രക്ഷിച്ചതെന്നും കാലക്രമത്തിൽ മറക്കുന്ന അവർ പലപ്പോഴും ദൈവസന്നിധിയെ അഭയം പ്രാപിക്കാനാഗ്രഹിക്കുന്ന പാപികളെ അവജ്ഞയോടെ നോക്കാറുണ്ട്; കുറ്റങ്ങളെണ്ണിപ്പറഞ്ഞ് പാപിയായ വ്യക്തി ദൈവത്തിന്റെ സ്നേഹത്തിന് അർഹനല്ല എന്ന് വിധിക്കാറുണ്ട്. പാപകരമായ തന്റെ പഴയജീവിതം അനുസ്മരിച്ചുകൊണ്ട് പൗലോസ് ശ്ലീഹാ തന്റെ പ്രേക്ഷിതപ്രവർത്തനത്തിന്റെ ആദ്യകാലങ്ങളിൽ എഴുതി, "എല്ലാവരും പാപം ചെയ്ത് ദൈവമഹത്വത്തിനു അയോഗ്യരായി" (റോമാ 3:23). ഏറെക്കാലങ്ങൾക്കുശേഷം തന്റെ പ്രിയശിഷ്യനു അദ്ദേഹം വീണ്ടും എഴുതി, "പാപികളിൽ ഒന്നാമനാണ് ഞാൻ" (1 തിമോത്തെയോസ് 1:15). ദൈവരാജ്യത്തിനുവേണ്ടി ജീവിതകാലം മുഴുവൻ പകലന്തിയോളം ജോലിയെടുത്ത അപ്പസ്തോലപ്രമുഖന് നല്ല ബോധ്യമുണ്ടായിരുന്നു, ദൈവത്തിന്റെ കരുണ ഒന്നുമാത്രമാണ് അവയെല്ലാം ചെയ്യാൻ അദ്ദേഹത്തെ സഹായിച്ചതെന്ന്. ധൂർത്തപുത്രന്റേതിനു സമാനമായ പാപങ്ങൾ ചെയ്യാത്തവരായിരിക്കാം നാമൊക്കെ, അതിനുകാരണം നമ്മുടെ കഴിവോ സാമർത്ഥ്യമോ അല്ല, ദൈവത്തിന്റെ കരുതൽ ഒന്നുമാതം ആണെന്ന് വിശ്വസിക്കാൻ നമുക്കാവുന്നുണ്ടോ?
പാപങ്ങളെക്കുറിച്ചു സുബോധമുണ്ടായ ഇളയമകൻ പശ്ചാത്താപത്തോടെ പിതാവിന്റെ ഭവനത്തിലേക്ക് വരുന്പോൾ വഴിയിൽവച്ച് ആദ്യം അവൻ മൂത്തസഹോദരനെ കണ്ടുമുട്ടിയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? കോപത്തോടെ കുറ്റം വിധിക്കുന്ന സഹോദരനെ മറികടന്നു പിതാവിന്റെ അടുക്കലേക്കുള്ള യാത്ര തുടരുവാൻ അയാൾക്ക് കഴിയുമായിരുന്നോ? ഓരോ ദിവസവും പ്രത്യക്ഷമായും പരോക്ഷമായും ദൈവത്തെ അന്വേഷിക്കുന്ന ഒട്ടേറെപ്പേരെ ദൈവം നമ്മുടെ മുൻപിലേക്ക് അയക്കുന്നുണ്ട്. നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലുംകൂടി ദൈവസ്നേഹാനുഭവം നൽകി ദൈവത്തിങ്കലേക്കുള്ള അവരുടെ യാത്രയെ പ്രോത്സാഹിപ്പിക്കാൻ നമുക്കാവുന്നുണ്ടോ? അതോ, നമ്മുടെ കുറ്റപ്പെടുത്തുന്ന കണ്ണുകളും പരിഹസിക്കുന്ന അധരങ്ങളും സ്നേഹം തണുത്തുറഞ്ഞ ഹൃദയവും അവരെ ഭയപ്പെടുത്തുകയാണോ ചെയ്യുന്നത്? ദൈവസ്നേഹത്തിന്റെ ഒരിക്കലും മതിവരാത്ത മാധുര്യം നുകരുന്നതിനോടൊപ്പം മറ്റുള്ളവരെയും ആ സ്നേഹത്തിലേക്ക് ആനയിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
അനന്തനന്മസ്വരൂപിയായ സ്നേഹപിതാവേ, അങ്ങയുടെ ഏകാജാതനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവിലൂടെ അങ്ങയെ അറിയുവാനും സ്നേഹിക്കുവാനും എന്നെ അനുവദിച്ചതോർത്തു ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ എക്കാലവും അങ്ങയെ സ്നേഹിക്കുവാനും അങ്ങയെ തേടുന്നവർക്ക് ഒരു മാർഗ്ഗദർശനം ആകുവാനുമുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്ക് തന്നരുളണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ