നമുക്ക് ഭക്ഷിച്ച്‌ ആഹ്ലാദിക്കാം

"അവൻ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്ക് ചെന്നു. ദൂരെവച്ചുതന്നെ പിതാവ് അവനെ കണ്ടു. അവൻ മനസ്സലിഞ്ഞ്‌ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മകൻ പറഞ്ഞു: പിതാവേ, സ്വർഗ്ഗത്തിനെതിരായും നിന്റെ മുന്പിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്ന് വിളിക്കപ്പെടാൻ ഇനി ഞാൻ യോഗ്യനല്ല. പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേൽത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിൻ. ഇവന്റെ കൈയിൽ മോതിരവും കാലിൽ ചെരുപ്പും അനിയിക്കുവിൻ. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിൻ. നമുക്ക് ഭക്ഷിച്ച്‌ ആഹ്ലാദിക്കാം. എന്റെ ഈ മകൻ മൃതനായിരുന്നു; അവൻ ഇതാ, വീണ്ടും ജീവിക്കുന്നു. അവൻ നഷ്ടപ്പെട്ടിരുന്നു; ഇപ്പോൾ വീണ്ടുകിട്ടിയിരിക്കുന്നു. അവർ ആഹ്ലാദിക്കാൻ തുടങ്ങി." (ലൂക്കാ 15:20-24)

വിചിന്തനം 

(നല്ലൊരു കഥാകാരനായിരുന്നു യേശു എന്ന് അവിടുത്തെ ഉപമകളിൽനിന്നും വ്യക്തമാണ്. ഈശോ പറഞ്ഞിട്ടുള്ള ഉപമകളിൽവച്ച് ഏറ്റവും പ്രശസ്തമായതാണ് ധൂർത്തപുത്രന്റെ അല്ലെങ്കിൽ മുടിയനായ പുത്രന്റെ ഉപമ. പാപികളായ മനുഷ്യരോടുള്ള ദൈവത്തിന്റെ പരിമിതിയില്ലാത്ത സ്നേഹം വിവരിച്ചു പറയുന്ന ഈ ഉപമയെ കേവലം രണ്ടോ മൂന്നോ ഖണ്ഡികയിൽ ഒതുങ്ങുന്ന ചിന്തകളിൽ ഒതുക്കിനിർത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ പല ഭാഗങ്ങളായി വിഭജിക്കുന്നു)  ഒന്നാം ഭാഗം  രണ്ടാം ഭാഗം  നാലാം ഭാഗം 
ധൂർത്തപുത്രന്റെ ഉപമ -  മൂന്നാം ഭാഗം 

തന്റെ പിതാവിന്റെ ഭവനത്തിൽ ഒരു ജോലിക്കാരനായെങ്കിലും തിരികെ പ്രവേശിക്കണം എന്ന ആഗ്രഹവുമായി തിരികെ വരുന്ന ധൂർത്തപുത്രന് അവന്റെ എല്ലാ പ്രതീക്ഷകൾക്കും ഉപരിയായ സ്വീകരണമാണ് പിതാവിൽനിന്നും ലഭിക്കുന്നത്. കുറ്റബോധത്താൽ നീറുന്ന മനസ്സുമായി പിതാവിന്റെ കോപം ഭയന്ന് തിരികെയെത്തുന്ന അവനെ ദൂരെവച്ചുതന്നെ കണ്ട പിതാവ് അവന്റെയടുത്തേക്ക് ഓടിച്ചെല്ലുകയാണ് ചെയ്തത്, അവൻ ഒരു വാക്കുപോലും പറയുന്നതിനു മുന്പുതന്നെ അവനെ കെട്ടിപ്പിടിച്ചു ചുംബിക്കുകയാണ് ചെയ്തത്. പാപത്തിനു അടിപ്പെട്ട് എല്ലാം നശിപ്പിച്ചിട്ട് തന്റെ മകൻ തിരികെ വന്നപ്പോൾ അവനെ തന്റെ ഭവനത്തിലേക്ക്‌ സ്വീകരിക്കാൻ ഒരുനിമിഷം പോലും വൈകുന്നില്ല ആ സ്നേഹപിതാവ്. നഷ്ടപ്പെടുത്തിയതിനെ ഓർത്തു കുറ്റപ്പെടുത്തുകയോ പരിഹാരക്രിയകളുടെ കണക്കു നിരത്തുകയോ ചെയ്യുന്നുമില്ല. സ്വർഗ്ഗസ്ഥനായ തന്റെ പിതാവിനെ ഈശോ എല്ലായ്പ്പോഴും വർണ്ണിക്കുന്നത് ഇപ്രകാരം മാത്രമാണ് - പശ്ചാത്താപത്താൽ നീറുന്ന ഹൃദയവുമായി തന്നെ സമീപിക്കുന്നവരെ, അവരെത്ര വലിയ പാപിയാണെങ്കിൽകൂടിയും, വാരിപ്പുണർന്നു ഉമ്മവയ്ക്കുന്ന ഒരു പിതാവിലും ഉപരിയായി എങ്ങിനെയാണ് ദൈവസ്നേഹത്തെ വർണ്ണിക്കുക. പിതാവായ ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ ഇന്ന് നാമോരോരുത്തരുടെ ഹൃദയങ്ങളിലേക്കും ഈ സ്നേഹം ചൊരിയുന്നുണ്ട് (cf. റോമാ 5:5). ആ സ്നേഹം തിരിച്ചറിഞ്ഞു അതിനോട് പ്രതികരിക്കാൻ നമുക്കിന്നാവുന്നുണ്ടോ? 

പിതാവിന്റെ സ്നേഹപ്രകടനം കണ്ട പുത്രനും അടങ്ങിയിരിക്കാനാവുന്നില്ല. അനുതാപത്താൽ ഉരുകുന്ന തന്റെ ഹൃദയം പിതാവിന്റെ മുൻപിൽ തുറന്ന മകന്റെ വായിൽനിന്നും ആദ്യം വന്ന വാക്ക് "പിതാവേ" എന്നാണ്. "ദൈവം നമ്മുടെ അടുത്തേക്ക് ഓടിവരുന്പോൾ, മിണ്ടാതിരിക്കാൻ നമുക്കാവുകയില്ല. അപ്പോൾ പൌലോസ് അപ്പസ്തോലനോടൊപ്പം നാമും ഉച്ചത്തിൽ ആർത്തു വിളിക്കും 'ആബ്ബാ, പിതാവേ'. സർവപ്രപഞ്ചത്തിന്റെയും സ്രഷ്ടാവാണെങ്കിലും, അവിടുത്തെ അഭിസംബോധന ചെയ്യാൻ നമ്മൾ ഉന്നതമായ പേരുകൾ ഉപയോഗിക്കാത്തത് ദൈവം കാര്യമായെടുക്കുന്നില്ല; അവിടുത്തെ മഹത്വം നമ്മൾ ഏറ്റുപറയാത്തതോർത്തു വിഷമിക്കുന്നില്ല. നമ്മൾ പിതാവേ എന്നു വിളിക്കണം എന്നതാണ് അവിടുത്തെ ആഗ്രഹം; ആ വാക്കിന്റെ രുചി നാമറിയണമെന്നു അവിടുന്ന് ആഗ്രഹിക്കുന്നു, അതുവഴി നമ്മുടെ ആത്മാവ് സന്തോഷത്താൽ നിറയണമെന്നും." (Christ is Passing By - St. Jose Maria Escriva)

തന്റെ പക്കലേക്ക് തിരിച്ചുവന്ന പുത്രന്റെ പഴയ കാലത്തെക്കുറിച്ചല്ല പിതാവ് ചിന്തിക്കുന്നത്, അവന്റെ ഭാവിയെക്കുറിച്ചാണ്. പാപംമൂലം പന്നിക്കൂട്ടിൽ ഭക്ഷണത്തിനായി മല്ലടിച്ച മകന്റെ മാന്യത തിരികെ നൽകാൻ ആവശ്യമായ കാര്യങ്ങളിലാണ് പിതാവ് ശ്രദ്ധ വയ്ക്കുന്നത്. മേൽത്തരം വസ്ത്രം പ്രതാപത്തിന്റെ ചിഹ്നമാണ്, മോതിരം അധികാരത്തിന്റെയും. അടിമകൾ ചെരുപ്പ് ധരിക്കുന്നത് വിലക്കിയിരുന്ന ആ കാലട്ടത്തിൽ, മകന്റെ പാദങ്ങളിൽ ചെരുപ്പണിയിക്കുക വഴി എല്ലാ പാപത്തിന്റെ ബന്ധനങ്ങളിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് ആ പിതാവ്. തന്റെ പക്കലേക്ക് മടങ്ങിയെത്തുന്ന ഓരോ ധൂർത്തപുത്രനോടും പുത്രിയോടും പിതാവായ ദൈവത്തിന്റെ മനോഭാവവും ഇതു തന്നെയാണ്. തന്റെ ഭവനത്തിൽ മടങ്ങിയെത്തുന്നവർ നാണക്കേടിനാൽ മുഖംതാഴ്ത്തി ജീവിക്കണം എന്നതല്ല ദൈവത്തിന്റെ ആഗ്രഹം. "യേശുക്രിസ്തുവിൽ ആയിരിക്കുന്നവൻ ഒരു പുതിയ സൃഷ്ടിയാണ്. പഴയത് കടന്നുപോയി. ഇതാ, പുതിയത് വന്നു കഴിഞ്ഞു" (2 കോറിന്തോസ് 5:17), എന്ന ബോധ്യത്തോടെ ദൈവത്തിന്റെ സൌഭാഗ്യത്തിൽ പങ്കാളികളായി, ദൈവസ്നേഹത്തിന്റെ സാക്ഷികളാകണം എന്നതാണ് നമ്മെക്കുറിച്ചുള്ള ദൈവഹിതം. കർത്താവായ യേശുക്രിസ്തു വിവരിച്ചുതന്ന പിതാവായ ദൈവത്തിന്റെ സ്നേഹം കണ്ടെത്തി, അതിനെ ഹൃദയത്തിൽ സ്വീകരിക്കാനും, മറ്റുള്ളവരെ ആ സ്നേഹത്തിലേക്ക്‌ അടുപ്പിക്കുവാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

ദൈവസ്നേഹത്തിന്റെ കതിരുകൾ ഞങ്ങളിൽ വീശുന്ന പരിശുദ്ധാത്മാവേ, പാപങ്ങൾ ഉപേക്ഷിച്ച് ഉരുകിയ മനസ്സോടും നുറുങ്ങിയ ഹൃദയത്തോടും പിതാവിന്റെ അടുത്ത് തിരികെയെത്തുവാൻ ഞങ്ങളെ പ്രാപ്തരാക്കണമേ, യോഗ്യരാക്കണമേ. അങ്ങയുടെ രക്ഷയെ ഉച്ചത്തിൽ പ്രകീർത്തിച്ച്, എന്റെ ജീവിതം കൊണ്ട് അവിടുത്തെ സ്തുതികളാലപിക്കുവാൻ, ഓ ദൈവമേ, അവിടുത്തെ പുത്രനെന്ന സ്ഥാനം എനിക്ക് വീണ്ടെടുത്തു തരേണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്